സ്ത്രീ പ്രവേശനം : റിവ്യൂ ഹര്‍ജി നല്‍കില്ല ; ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനൊപ്പം

സ്ത്രീകള്‍ക്ക് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ്
സ്ത്രീ പ്രവേശനം : റിവ്യൂ ഹര്‍ജി നല്‍കില്ല ; ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനൊപ്പം

തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. കോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും. സ്ത്രീകള്‍ക്ക് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രത്യേക സൗകര്യം ഒരുക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ഇനി ഒരു ചര്‍ച്ചയ്ക്കും വിവാദത്തിനും ആഗ്രഹിക്കുന്നില്ല. അതിനാല്‍ സുപ്രിംകോടതി വിധി നടപ്പാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ യോഗത്തില്‍ തീരുമാനമായി. തിരക്ക് ഒഴിവാക്കാൻ സന്നിധാനത്ത് തങ്ങുന്നത് നിരുത്സാഹപ്പെടുത്തും.  ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനുള്ള വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. 

കൂടാതെ സ്ത്രീപ്രവേശന വിഷയത്തിലെ ഒരുക്കങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ ബോര്‍ഡ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദീകരിക്കേണ്ടതുണ്ട്. ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. 

സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ദേവസ്വം ബോര്‍ഡും ഇത്തരത്തില്‍ തീരുമാനിച്ചിട്ടില്ല. വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന അഭിപ്രായം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. അത് അത്തരത്തില്‍ എടുത്താല്‍ മതിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com