മലമ്പുഴ, മാട്ടുപ്പെട്ടി ഡാമുകൾ ഇന്ന് തുറക്കും, ജാ​ഗ്രതാ നിർദേശം

കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി
മലമ്പുഴ, മാട്ടുപ്പെട്ടി ഡാമുകൾ ഇന്ന് തുറക്കും, ജാ​ഗ്രതാ നിർദേശം

പാലക്കാട് :  പരമാവധി സംഭരണ ശേഷിയോട് അടുത്ത സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. ഉച്ചയ്ക്ക് ശേഷം ഡാമിൻരെ ഷട്ടറുകൾ 30 സെന്റിമീറ്റർ ഉയർത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.  115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുളള മലമ്പുഴ അണക്കെട്ടില്‍ 113.95 മീറ്റര്‍ വെളളം നിലവിലുണ്ട്. 

മുന്‍കരുതല്‍ നടപടിയായി മാട്ടുപ്പെട്ടി ഡാമിലെ രണ്ട് ഷട്ടറുകളും ഇന്നു  തുറക്കും. ഘട്ടംഘട്ടമായി  25 ക്യുമെക്‌സ് വെള്ളം ഹെഡ് വര്‍ക്ക്സ് ഡാമിലേക്ക് ഒഴുക്കും. പീച്ചി ഡാമിന്റെ നാലു ഷട്ടറുകൾ ഒരിഞ്ചു വീതം തുറന്നിരിക്കുന്നു. പീച്ചിയിലെ നിലവിലെ ജലനിരപ്പ് 78.64 മീറ്ററാണ്.  77.88 മീറ്റര്‍ പരമാവധി സംഭരണശേഷിയുളള മംഗലം ഡാമിന്റെ നാലു ഷട്ടറുകള്‍ വഴി അഞ്ചു സെന്റിമീറ്റര്‍ വീതം വെളളം തുറന്നുവിടുന്നു. നിലവില്‍ 77.10 മീറ്റര്‍ വെളളമാണ് അണക്കെട്ടിലുളളത്. നെല്ലിയാമ്പതി മലനിരകളില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ പോത്തുണ്ടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. 

 പെരിങ്ങൽക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകൾ തുറന്നിരിക്കുകയാണ്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴയും ചുഴലിക്കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് ഡാമുകളിലെ ജലനിരപ്പ് താഴ്ത്തുന്നത്. സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലെയും ജലനിരപ്പ് പരമാവധി സംഭരണശേഷിക്ക് അടുത്താണ്.  

ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്  2387.74 അടിയാണ്. അതായത് ആകെ സംഭരണശേഷിയുടെ എണ്‍പത്തിരണ്ട് ശതമാനം. മുല്ലപ്പെരിയാറില്‍ 127. 5 അടിയാണ് ജലനിരപ്പ്. ആനയിറങ്കല്‍ ഡാമിന്റെ ജലനിരപ്പ്  1200.26  മീറ്റര്‍ എന്ന പരാമവധി സംഭരണശേഷിയിലാണ്. കുണ്ടള ഡാമിലെ ജലനിരപ്പ് 96 ശതമാനത്തിലെത്തി. 5768.70 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. പമ്പയില്‍  975.45 മീറ്ററും കക്കി ഡാമില്‍  975.003 മീറ്ററുമാണ്  ജലനിരപ്പ്.  ഷോളയാർ ഡാമില്‍ നിലവിൽ 2658 അടിയാണ് ജലനിരപ്പ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com