'അല്ലയോ കോണ്‍ഗ്രസ് കൂട്ടുകാരികളേ, രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പൊതുവിടങ്ങള്‍ ഉപേക്ഷിച്ച് വീടടങ്ങാന്‍ ഒരുങ്ങിയിരുന്നുകൊള്ളൂ'

'അല്ലയോ കോണ്‍ഗ്രസ് കൂട്ടുകാരികളേ, രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പൊതുവിടങ്ങള്‍ ഉപേക്ഷിച്ച് വീടടങ്ങാന്‍ ഒരുങ്ങിയിരുന്നുകൊള്ളൂ'
'അല്ലയോ കോണ്‍ഗ്രസ് കൂട്ടുകാരികളേ, രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പൊതുവിടങ്ങള്‍ ഉപേക്ഷിച്ച് വീടടങ്ങാന്‍ ഒരുങ്ങിയിരുന്നുകൊള്ളൂ'

രണഘടനാനുസൃതമായ തുല്യനീതി ആരാധനാ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പുലര്‍ത്താതിരിക്കാന്‍ ഉപവാസം കിടക്കാന്‍ പോകുന്ന കോണ്‍ഗ്രസ് പുരുഷനേതാക്കള്‍ തുല്യ പ്രാതിനിധ്യം എന്ന ആശയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ സംശയമില്ലെന്ന് എഴുത്തുകാരി പി ഗീത. സഹപ്രവര്‍ത്തകയെ ആരാധനാലയങ്ങളില്‍ നിന്നു വിലക്കുന്ന കോണ്‍ഗ്രസ് നിയമസഭയിലേക്ക് അവരെ ആനയിക്കുമെന്നു കരുതുന്നത് വിഡ്ഢിത്തമാണെന്ന് ഗീത ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ശബരിമല സ്ത്രീ പ്രവേശനത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് പി ഗീതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഗീതയുടെ കുറിപ്പ്: 

കോണ്‍ഗ്രസിലെ പ്രിയ സോദരിമാരേ,
തെരഞ്ഞെടുപ്പു വരുമ്പോള്‍ സ്ഥാനാര്‍ഥിനികളുടെ ലിസ്റ്റുമായി ദെല്‍ഹിയില്‍ പോയിട്ട് ഇനി എന്തു കാര്യം?

നിങ്ങളില്‍ ചിലര്‍ കന്യാസ്ത്രീ സമരപ്പന്തലില്‍ വന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പു മാത്രം മുമ്പില്‍ക്കണ്ടു വന്നതാണെന്ന ആരോപണം അപ്പോള്‍ ശരിയാണോ?
സത്യമായും ആ ആരോപണത്തെ പരസ്യമായി തള്ളിക്കളഞ്ഞു കൊണ്ടാണ് ഞാന്‍ നിങ്ങള്‍ സ്ത്രീകള്‍ക്കനുകൂലമായ നിലപാട് പരസ്യമായി സ്വീകരിച്ചത്.

സുപ്രീം കോടതിയുടെ ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച ചരിത്ര വിധിയുടെ പശ്ചാത്തലത്തില്‍ നിങ്ങളെ സ്‌നേഹപൂര്‍വം ചിലത് ഓര്‍മ്മിപ്പിക്കട്ടെ .

വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും നയിച്ച ദേശീയകോണ്‍ഗ്രസ് കേരളത്തില്‍ ജീര്‍ണിച്ചു പോയതിന്റെ തെളിവാണ് ശബരിമല സ്ത്രീ പ്രവേശത്തില്‍ അവര്‍ സ്വീകരിക്കുന്ന വിരുദ്ധ നിലപാട്.
ഹിന്ദുക്കള്‍ എന്നത് ഒരൊറ്റ ഗണമല്ലാത്തതിനാല്‍ ബുദ്ധിയുള്ളവര്‍ കോണ്‍ഗ്രസിന്റെ ഈ ഞാണിന്മേല്‍ക്കളി തിരിച്ചറിയുക തന്നെ ചെയ്യും. 
സംശയിക്കണ്ട അതവരുടെ വോട്ടു കൂട്ടുകയല്ല കുറയ്ക്കുകയാണ് ചെയ്യുക.

അത്രയുമല്ല ഇന്ത്യന്‍ ഭരണഘടനാനുസൃതമായ തുല്യനീതി 
ആരാധനാ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പുലര്‍ത്താതിരിക്കാന്‍ ഉപവാസം കിടക്കാന്‍ പോകുന്ന കോണ്‍ഗ്രസ് പുരുഷനേതാക്കള്‍ തുല്യ പ്രാതിനിധ്യം എന്ന ആശയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ ഞങ്ങള്‍ തെരുവിലെ പെണ്ണുങ്ങള്‍ക്കു സംശയമേയില്ല.

സഹപ്രവര്‍ത്തകയെ ആരാധനാലയങ്ങളില്‍ നിന്നു വിലക്കുന്ന കോണ്‍ഗ്രസ് നിയമസഭയിലേക്ക് അവരെ ആനയിക്കുമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്. കാരണം പെണ്ണ് വീടിനുള്ളില്‍ അടച്ചിരിക്കുക എന്നതും ഭര്‍ത്താവ് മരിച്ചാല്‍ ചിതയില്‍ച്ചാടിച്ചാവുന്നവള്‍ക്കാണു സ്വര്‍ഗമെന്നുമാണ് ''ഹിന്ദു' വിന്റെ ആചാരാനുഷ്ഠാനവും വിശ്വാസവും.

അതിനാല്‍
അല്ലയോ കോണ്‍ഗ്രസ് കൂട്ടുകാരികളേ
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പൊതു വിടങ്ങള്‍ ഉപേക്ഷിച്ച് വീടടങ്ങാന്‍ ഒരുങ്ങിയിരുന്നുകൊള്ളൂ.
നിങ്ങളുടെ പുരുഷനേതാക്കന്മാരുടെ അടുത്ത സമരം അതിനായിരിക്കും.

സ്വന്തം നില മറന്നു പോയാല്‍ അധികാര രാഷ്ട്രീയത്തിലായാലും ചവുട്ടി നില്ക്കുന്ന മണ്ണ് നഷ്ടപ്പെടുക തന്നെ ചെയ്യുമെന്നു മറക്കാതിരിക്കുക
സ്വന്തം സഹോദരിമാരോട് വിരുദ്ധ നിലപാടു സ്വീകരിക്കുകയോ അതിന്റെ ഏജന്‍സിയായി മാറുകയോ ചെയ്യുന്നവരെ കുറ്റക്കാരെന്നു തന്നെ ചരിത്രം വിധിക്കും.

സ്ത്രീ സാഹോദര്യത്തിന്റെ ബാലപാഠങ്ങള്‍ മറന്ന് ആണധികാരത്തിന്റെ ദല്ലാള്‍പ്പണിയേറ്റെടുക്കുന്ന സ്ത്രീകളെ ഞാന്‍ സ്ത്രീകളെന്നു ഗണിക്കുന്നില്ല.

സ്വന്തം ഉത്തരവാദിത്വത്തിലേക്ക് 
ഉയര്‍ന്നുണരൂ സഹോദരിമാരേ

സ്‌നേഹത്തോടെ
ഗീത
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com