ഇന്ന് ശബരിമലയെങ്കില്‍ നാളെ മറ്റൊന്ന്... ;  സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് മുസ്ലിം ലീഗ്

ശബരിമല വിഷയത്തില്‍ കോടതി വിധി എന്നതിനേക്കാള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എടുത്ത നിലപാടാണ് പ്രശ്‌നമായത്
ഇന്ന് ശബരിമലയെങ്കില്‍ നാളെ മറ്റൊന്ന്... ;  സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട് : ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ആചാരങ്ങളെയും വിശ്വാസങ്ങളെയും മാനിക്കണം. വിശ്വാസികള്‍ പവിത്രം എന്ന് കരുതുന്ന നിലപാടിന്റെ കൂടെ നില്‍ക്കാനും, ആ നിലപാട് കോടതിയെ അറിയിക്കാനുമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. ലീഗിന്റെ നിലപാടും അതുതന്നെയാണ്. 

ബ്രിട്ടീഷുകാര്‍ അടക്കം പലരും ഈ രാജ്യം ഭരിച്ചിട്ടുണ്ട്. എന്നുവെച്ച് ജനഹിതം, അവരുടെ വിശ്വാസം മാനിക്കാതിരിക്കാനാകുമോ എന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. ശബരിമല വിഷയത്തില്‍ കോടതി വിധി എന്നതിനേക്കാള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എടുത്ത നിലപാടാണ് പ്രശ്‌നമായത്. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഇന്ന് ഇതിനെങ്കില്‍ നാളെ മറ്റൊരു വിശ്വാസത്തിനും ഇത് വരാവുന്നതാണ്. ഇന്ന് ശബരിമലയാണെങ്കില്‍ നാളെ വേറൊന്ന്. അടുത്തകാലത്തുണ്ടായ നിരവധി വിധികള്‍ക്കെതിരെ ശക്തമായ അമര്‍ഷവും പ്രതിഷേധവും ഉള്ള കോടിക്കണക്കിന് ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. നാടിന്റെ സംസ്‌കാരത്തിനും, മതവിശ്വാസത്തിനും മറ്റും നിരക്കാത്ത ഒട്ടനവധി വിധികള്‍ അടുത്തകാലത്ത് കോടതികളില്‍ നിന്ന് വന്നിട്ടുണ്ട്. 

വിധിക്ക് ആധാരമാകുന്നത് പലപ്പോഴും സര്‍ക്കാരുകളുടെ നിലപാടാണ്. ശബരിമല വിഷയത്തില്‍ ഇപ്പോഴും അവസരം ഉണ്ട്. കിട്ടിയ അവസരം എന്ന നിലയ്ക്ക് കോടതി വിധി ധൃതി പിടിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് ശരിയല്ല. വിധിയിലെ പോരായ്മകള്‍ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജിയിലൂടെ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരണം. ജനഹിതം പ്രതിഫലിക്കേണ്ടത് പാര്‍ലമെന്റിലും അസംബ്ലികളുലുമാണ്. കോടതി നിയമമാണ് വ്യാഖ്യാനിക്കുന്നത്. നിയമത്തിലെ പോരായ്മകള്‍ പരിശോധിച്ച് തിരുത്തേണ്ടത് പാര്‍ലമെന്റും അസംബ്ലികളുമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com