തലവരിപ്പണത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെതിരെ അന്വേഷണം ; ഈ വര്‍ഷം പ്രവേശനം വിലക്കി സുപ്രിംകോടതി

പ്രവേശന മേല്‍നോട്ട സമിതിയോട് അന്വേഷിക്കാനാണ് കോടതി ആവശ്യപ്പെട്ടത്
തലവരിപ്പണത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെതിരെ അന്വേഷണം ; ഈ വര്‍ഷം പ്രവേശനം വിലക്കി സുപ്രിംകോടതി


ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയെന്ന പരാതിയില്‍ അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവിട്ടു. പ്രവേശന മേല്‍നോട്ട സമിതിയോട് അന്വേഷിക്കാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് തലവരിപ്പണം വാങ്ങിയോ എന്ന് പരിശോധിക്കണം. ഈ വര്‍ഷം കോളേജില്‍ എംബിബിഎസിന് പ്രവേശനം നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു. 

2016-17 വര്‍ഷത്തില്‍ പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ ഫീസ് ഇരട്ടിയായി തിരിച്ചുനല്‍കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് തിരിച്ചു നല്‍കിയോ എന്ന് പ്രവേശന സമിതി അന്വേഷിക്കണം. കോളേജിലെ 2016-17 വര്‍ഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. 

പ്രവേശനത്തിനായി 30 ലക്ഷത്തോളം രൂപ തലവരിപ്പണമായി വാങ്ങിയിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നത്. ഇത് സംബന്ധിച്ച രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രവേശന സമയത്ത് ബാങ്ക് ഗ്യാരണ്ടി എന്ന നിലയിക്ക് പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ വാങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തുക വാങ്ങിയെന്ന് ആരോപിക്കുന്നതെന്ന് കോളേജ് മാനേജ്‌മെന്റ് അറിയിച്ചു. 

എന്നാല്‍ പ്രവേശനം റദ്ദാക്കിയതോടെ ഈ ചെക്കുകള്‍ തിരികെ നല്‍കിയെന്നും, ഇതില്‍ നിന്നും പണം എടുത്തിട്ടില്ലെന്നും കോളേജ് അധികൃതരും അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രിംകോടതി പ്രവേശന മേല്‍നോട്ട സമിതിയോട് ആവശ്യപ്പെട്ടത്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍, 2016-17 വര്‍ഷത്തില്‍ പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ ഫീസ് ഇരട്ടിയായി തിരിച്ചുനല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com