വയനാട്ടില്‍ വ്യാജമദ്യം കഴിച്ച് മൂന്നു പേര്‍ മരിച്ചു ; മദ്യം കൊണ്ടുവന്നത് കര്‍ണാടകയില്‍ നിന്ന്

മദ്യപിച്ചുകൊണ്ടിരിക്കെ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു
വയനാട്ടില്‍ വ്യാജമദ്യം കഴിച്ച് മൂന്നു പേര്‍ മരിച്ചു ; മദ്യം കൊണ്ടുവന്നത് കര്‍ണാടകയില്‍ നിന്ന്

കല്‍പ്പറ്റ : വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ച് മൂന്നു പേര്‍ മരിച്ചു. ഇവര്‍ കഴിച്ചത് വ്യാജമദ്യമാണെന്നാണ് പ്രാഥമിക വിവരം. കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്യപിച്ചുകൊണ്ടിരിക്കെ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. 

വരാമ്പറ്റ കൊട്ടാരക്കുന്ന് കൊച്ചാറ കോളനിയിലെ പ്രമോദ്, ബന്ധുവായ പ്രസാദ് എന്നിവരാണ് മരിച്ച രണ്ടുപേര്‍. പ്രമോദിന്റെ പിതാവ് ഇന്നലെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം, ഇവര്‍ ഇന്നലെ രാത്രിയോടെ മദ്യം കഴിക്കുകയായിരുന്നു. ഇതിനിടെ ഇവര്‍ കുഴഞ്ഞു വീണു. 

ഇവരെ ഉടന്‍ തന്നെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ പ്രമോദ് യാത്രാമധ്യേയും, പ്രസാദ് ആശുപത്രിയില്‍ എത്തിയ ശേഷവും മരിച്ചു. പ്രമോദിന്റെ പൂജാരിയായ അച്ഛന്‍, പൂജയ്ക്ക് പോയപ്പോള്‍ ലഭിച്ചതാണ് ഈ മദ്യമെന്നാണ് സംശയിക്കപ്പെടുന്നത്. പ്രമോദിന്റെ അച്ഛനും ഈ മദ്യം കഴിച്ചിരുന്നതായി സംശയിക്കപ്പെടുന്നു. 

മദ്യ സാംപിള്‍ പൊലീസ് പരിശോധനയ്ക്ക് ശേഖരിച്ചു. അതേസമയം മദ്യത്തില്‍ വിഷാംശം കലര്‍ന്നതാകാം മരണത്തിന് കാരണമെന്ന് സംശയമുള്ളതായി ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com