സാലറി ചലഞ്ചിന് നിര്‍ബന്ധിക്കരുത്, വിസമ്മതിച്ചവരുടെ പട്ടിക പുറത്തുവിടരുതെന്നും ഹൈക്കോടതി 

നവകേരള സൃഷ്ടിക്കായി രൂപം നല്‍കിയ സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
സാലറി ചലഞ്ചിന് നിര്‍ബന്ധിക്കരുത്, വിസമ്മതിച്ചവരുടെ പട്ടിക പുറത്തുവിടരുതെന്നും ഹൈക്കോടതി 

കൊച്ചി:  നവകേരള സൃഷ്ടിക്കായി രൂപം നല്‍കിയ സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സാലറി ചലഞ്ചിന് സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. സാലറി ചലഞ്ചില്‍ വിസമ്മതം അറിയിച്ചവരുടെ പട്ടിക തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. 

സാലറി ചലഞ്ചിന് സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കില്ലെന്ന് കാണിച്ചുളള ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തണം. 
ശമ്പളം ആരില്‍ നിന്നും പിടിച്ചുവാങ്ങരുത്.സംഭാവന നല്‍കാത്തവരുടെ പട്ടിക എന്തിന് തയ്യാറാക്കുന്നു എന്നും കോടതി ചോദിച്ചു. വിസമ്മതം അറിയിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുത്. ഇത്തരത്തില്‍ പേരുകള്‍ പുറത്തുവിട്ടവര്‍ക്കെതിരെ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

ദുരിതാശ്വാസത്തിന് ശമ്പളം നല്‍കുന്നത് സ്വമേധയാ ആകണം. ഇത്തരത്തിലുളള ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് വിരുദ്ധമായി രഹസ്യസര്‍ക്കുലര്‍ എന്തിന് ഇറക്കിയെന്ന് കോടതി ആരാഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും ദുരിതബാധിതരുണ്ട്.  അവരും പട്ടികയില്‍ ഉണ്ടോയെന്നും കോടതി ചോദിച്ചു. 

നിര്‍ബന്ധപൂര്‍വ്വം പിടിച്ചുവാങ്ങുന്നത് ശരിയല്ല. ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ ഉറപ്പിന് വിരുദ്ധമായാണ് പട്ടിക തയ്യാറാക്കിയത്. അതിന്റെ പിന്നിലെ കാരണം എന്തെന്നും കോടതി ചോദിച്ചു. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ ഐക്യത്തെ ബാധിക്കും. ഇത് ഉദ്യോഗസ്ഥരുടെ ഇടയില്‍ രണ്ടുതരത്തിലുളള പൗരന്മാരെ സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com