സ്ത്രീപ്രവേശനം ശബരിമലയുടെ മഹത്വവും പ്രശസ്തിയും വര്‍ധിപ്പിക്കും; ആര്‍എസ്എസ്, ബിജെപി നിലപാട് തളളി ജന്മഭൂമി 

ശബരിമല സ്ത്രീപ്രവേശനത്തില്‍ ആര്‍എസ്എസിന്റയും ബിജെപിയുടെയും നിലപാട് തളളി പാര്‍ട്ടി മുഖപത്രമായ ജന്മഭൂമി
സ്ത്രീപ്രവേശനം ശബരിമലയുടെ മഹത്വവും പ്രശസ്തിയും വര്‍ധിപ്പിക്കും; ആര്‍എസ്എസ്, ബിജെപി നിലപാട് തളളി ജന്മഭൂമി 

കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തില്‍ ആര്‍എസ്എസിന്റയും ബിജെപിയുടെയും നിലപാട് തളളി പാര്‍ട്ടി മുഖപത്രമായ ജന്മഭൂമി. 
ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുളള സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ ചിലര്‍ ഹിന്ദുസമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സഞ്ജയന്റെ ലേഖനത്തില്‍ പറയുന്നു.

സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. എന്നുമാത്രമല്ല സ്ത്രീ തീര്‍ത്ഥാടകര്‍ (മാളികപ്പുറങ്ങള്‍) വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ.

ഹിന്ദു ധര്‍മത്തെയോ സമൂഹത്തെയോ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുന്ന ഒന്നുംതന്നെ ആ വിധി തീര്‍പ്പിലില്ല. 10-50 പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഒരു കീഴ്‌നടപ്പിനെയാണ് കോടതി അസാധുവാക്കിയത്. ഈ കീഴ്‌നടപ്പിനാകട്ടെ, ധര്‍മ്മതന്ത്ര ശാസ്ത്രങ്ങളുടേയോ മതിയായ യുക്തിയുടെയോ പിന്‍ബലമുള്ളതായി സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല. 

മത സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് മറ്റ് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാകാന്‍ പാടില്ല എന്നത് ഭരണഘടനാപരമായ നിഷ്‌കര്‍ഷയുമാണ്. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ കോടതി ഉത്തരവിന്റെ അന്തഃസത്തയോട് വിയോജിക്കാന്‍ കഴിയില്ല. 

ക്ഷേത്രങ്ങളുടെയും ധര്‍മ്മസ്ഥാപനങ്ങളുടെയും ക്ഷേത്രാചാരങ്ങളുടെയും സംരക്ഷണം ഹിന്ദുസമൂഹത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. പക്ഷേ അവ സംരക്ഷിക്കപ്പെടേണ്ടത് കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടുവേണം. യുക്തിഹീനമായ മാമൂലുകളെ അതേപടി നിലനിര്‍ത്തുവാനുള്ള സ്ഥാപിതതാല്പര്യക്കാരുടെ പരിശ്രമത്തിന് ചൂട്ടുപിടിച്ചു കൊടുക്കുന്നത് സമൂഹത്തില്‍ ജീര്‍ണ്ണതയും സംഘര്‍ഷവും ചൂഷണവും വര്‍ദ്ധിക്കാന്‍ മാത്രമേ സഹായിക്കൂവെന്ന് ലേഖനത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com