ഇടുക്കി ഡാം ഇന്ന് നാലുമണിക്ക് തുറക്കും, 50 ക്യൂമെക്‌സ് വെളളം ഒഴുക്കിവിടും

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th October 2018 12:22 PM  |  

Last Updated: 05th October 2018 12:23 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ചെറുതോണി: ലക്ഷദ്വീപിന് സമീപം രൂപപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ ഫലമായി ജില്ലയില്‍ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ഡാം ഇന്ന് തുറക്കും. മുന്‍കരുതല്‍ നടപടിയായി ഇന്ന് വൈകീട്ട് നാലുമണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 50 ക്യൂമെക്‌സ് വെളളം ഒഴുക്കിവിടാനാണ് തീരുമാനം. നിലവില്‍ 40 ക്യൂമെക്‌സ് വെളളമാണ് ഡാമിലേക്ക് ഒഴുകി എത്തുന്നത്. 

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇടുക്കി അണക്കെട്ട് തുറക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി ഇടുക്കി ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം മുന്‍കരുതലിന്റെ ഭാഗമായി ആനത്തോട്, കൊച്ചുപമ്പ ഷട്ടറുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ പമ്പയിലെ നിര്‍മ്മാണ ജോലികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച 130 അടിയായി ഉയര്‍ന്നിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് വീണ്ടും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. അതിനിടെ മലപ്പുറം ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. ഇതിനിടെ മുല്ലപ്പെരിയാറില്‍ നിന്ന് അധികമായി ഒഴുകി വരുന്ന ജലം പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാന്‍ യുക്തമായ നടപടി സ്വീകരിക്കാന്‍ കെഎസ്ഇബി തീരുമാനിച്ചിരുന്നു. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് ധാരണയില്‍ എത്തിയത്. 

ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും. മഴശക്തമാകുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത്.
 

TAGS
idukki dam