എന്തോ കലര്‍ത്തിയിട്ടുണ്ട്, കുടിക്കരുത്; മൂന്ന് പേരുടെ ജീവനെടുത്ത മദ്യത്തിലെ ദുരൂഹത നീങ്ങുന്നില്ല

ആദ്യ ക്ലാസ് കുടിച്ചപ്പോള്‍ തന്നെ, ഇതില്‍ എന്തോ ചേര്‍ത്തിട്ടുണ്ട്, കുടിക്കരുത് എന്ന് പറഞ്ഞ് പ്രമോദ് ക്ലാസ് തട്ടിക്കളഞ്ഞു
എന്തോ കലര്‍ത്തിയിട്ടുണ്ട്, കുടിക്കരുത്; മൂന്ന് പേരുടെ ജീവനെടുത്ത മദ്യത്തിലെ ദുരൂഹത നീങ്ങുന്നില്ല

മക്കിയാട്: വെള്ളമുണ്ടയില്‍ തുടരുന്ന മരണങ്ങളിലെ ദുരൂഹത അവസാനിക്കുന്നില്ല. കൊച്ചറ കോളനിയിലെ മന്ത്രവാദിയുടേയും മകന്റേയും ബന്ധുവിന്റേയും മരണമാണ് പ്രദേശവാസികളില്‍ ഇപ്പോള്‍ ആശങ്ക തീര്‍ക്കുന്നത്. 

പിതാവ് തികിനായി മരിച്ച് തൊട്ടടുത്ത ദിവസമാണ്, മകന്‍ പ്രമോദും, ബന്ധുവായ പ്രസാദും മരിക്കുന്നത്. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം അവശേഷിച്ചിരുന്ന മദ്യവുമായി പ്രമോദ് അമ്മയുടെ സഹോദരന്റെ മകനായ പ്രമോദിന്റെ വീട്ടിലെത്തി. മറ്റൊരു ബന്ധുവായ ഷാജുവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. 

രണ്ട് ക്ലാസുകളിലായിട്ടാണ് ഇവര്‍ മദ്യപിച്ചത്. ആദ്യ ക്ലാസ് കുടിച്ചപ്പോള്‍ തന്നെ, ഇതില്‍ എന്തോ ചേര്‍ത്തിട്ടുണ്ട്, കുടിക്കരുത് എന്ന് പറഞ്ഞ് പ്രമോദ് ക്ലാസ് തട്ടിക്കളഞ്ഞു. പക്ഷേ പ്രസാദ് അതിനോടകം തന്നെ മറ്റൊരു ക്ലാസില്‍ മദ്യം കഴിച്ചിരുന്നു. മദ്യം കഴിച്ച ഉടനെ രണ്ട് പേരും പിടയുന്നത് കണ്ട് ഷാജു മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. 

കണ്ണ് തള്ളിയനിലയിലായിരുന്നു അവര്‍ മരിച്ചു കിടന്നിരുന്നത്. സയനൈഡ് ഉള്ളില്‍ച്ചെന്നതിന്റെ തെളിവാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. മൂന്ന് പേരുടേയും ജീവനെടുത്ത മദ്യത്തെ ചുറ്റിപറ്റിയുള്ള അന്വേഷണം തുടരുകയാണ്. സന്തോഷ് എന്ന വ്യക്തി മുഖേനയാണ് ഈ മദ്യം മന്ത്രവാദി തികിനായിയുടെ അടുത്തേക്ക് എത്തുന്നത്. 

പൂജയ്ക്കിടെ മന്ത്രവാദിയും കുടുംബവും മദ്യം കഴിക്കണം എന്നാണ് ഇവരുടെ കീഴ്വഴക്കം. മകള്‍ക്ക് ചരട് കെട്ടി പൂജ നടത്താന്‍ സുഹൃത്തായ സന്തോഷിനൊപ്പമാണ് സജിത് കുമാര്‍ മന്ത്രവാദിയുടെ അടുത്തേക്ക് എത്തിയത്. ഒന്നാം തിയതിയും ഗാന്ധിജയന്തിയും ആയതിനാല്‍ മദ്യം എവിടെ നിന്നും കിട്ടിയില്ല. 

മന്ത്രവാദിക്ക് നല്‍കാനുള്ള മദ്യം ഏതെങ്കിലും പട്ടാളക്കാരുടെ പക്കല്‍ നിന്നും സംഘടിപ്പിക്കാന്‍ സാധിക്കുമോ എന്ന് അന്വേഷിക്കാന്‍ പറഞ്ഞ് സജിത് കുമാര്‍ സന്തോഷിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്ക് കുറ്റിയാടിയില്‍ നിന്നോ, കര്‍ണാടകയില്‍ നിന്നോ ആണ് മദ്യം ലഭിച്ചത് എന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതില്‍ വ്യക്തത വന്നിട്ടില്ല. മറ്റാരെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നതിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com