ഐഎസ് ആശയത്തെ പിന്തുണയ്ക്കുന്നവര്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയല്ല,  ആശയ ഐക്യവും യുദ്ധവും തമ്മില്‍  വ്യത്യാസമുണ്ടെന്ന് ഹൈക്കോടതി

നിരോധിക്കപ്പെട്ട സംഘടനയുടെ ആശയത്തോട് ഐക്യപ്പെടുന്നതും രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും ജഡ്ജിമാരായ പി സോമരാജനും എ എം ഷഫീഖും വ്യക്തമാക്കി
ഐഎസ് ആശയത്തെ പിന്തുണയ്ക്കുന്നവര്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയല്ല,  ആശയ ഐക്യവും യുദ്ധവും തമ്മില്‍  വ്യത്യാസമുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ഭീകര സംഘടനയായ ഐഎസിന്റെ ആശയത്തെ പിന്തുണയ്ക്കുന്നത് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതായി കരുതാനാവില്ലെന്ന് ഹൈക്കോടതി. നിരോധിക്കപ്പെട്ട സംഘടനയുടെ ആശയത്തോട് ഐക്യപ്പെടുന്നതും രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും ജഡ്ജിമാരായ പി സോമരാജനും എ എം ഷഫീഖും വ്യക്തമാക്കി. 

എന്‍ഐഎ കോടതിയുടെ വിധിക്കെതിരെ ബിഹാര്‍ സ്വദേശിയായ  യാസ്മിന്‍ സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.  കുട്ടിയുമായി അഫ്ഗാനിസ്ഥാനിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ 2016 ആഗസ്റ്റ് ഒന്നിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭീകരസംഘടനയായ ഐഎസിന് വേണ്ടി ധനസമാഹരണം നടത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. കേരളത്തില്‍ നിന്നും ഐഎസിലേക്ക് ആളുകളെ റിക്രൂട്ട്  ചെയ്തതിലും ഇവര്‍ക്ക് പങ്കുള്ളതായും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. 

കേരളത്തില്‍ നിന്നും ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കേസിലെ ഒന്നാംപ്രതിയായ അബ്ദുള്‍ റഷീദ് നടത്തിയ ജിഹാദി പ്രചരണ ക്ലാസുകളില്‍ യുവതി പങ്കെടുത്തുവെന്നായിരുന്നു എന്‍ഐഎ കോടതി കണ്ടെത്തിയത്. ഈ വാദത്തിന് തന്നെ മതിയായ തെളിവില്ലെന്നും ഇനി പങ്കെടുത്തിരുന്നുവെങ്കില്‍ പോലും അത് രാജ്യത്തിനെതിരെയുള്ള യുദ്ധം ചെയ്യലായി പരിഗണിക്കാനാവില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ യാസ്മിന്‍ രാജ്യത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയെന്ന കുറ്റം ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ ഐപിസി 120 ബി അനുസരിച്ച് പ്രതി കുറ്റക്കാരിയാണെന്നും ഭീകരസംഘടനയില്‍ അംഗമായി ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന എന്‍ഐഎ കോടതിയുടെ കണ്ടെത്തലും ബഞ്ച് ശരിവച്ചിട്ടുണ്ട്. യുഎപിഎ പ്രകാരം  മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റത്തിന് ഒരു വര്‍ഷത്തെ തടവും പ്രതി അനുഭവിക്കേണ്ടി വരും. രണ്ട് ശിക്ഷയും ഒന്നിച്ചനുഭവിച്ചാല്‍ മതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com