അടിച്ചമര്‍ത്താനാണ് പിണറായിയുടെ തീരുമാനമെങ്കില്‍ വെല്ലുവിളിയായി സ്വീകരിക്കുന്നു; ബിജെപി നേരിട്ട് സമരത്തിന്: പിഎസ് ശ്രീധരന്‍പിള്ള

സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ബിജെപി സമരരംഗത്തേക്കിറങ്ങും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ നേരിട്ടിറങ്ങിയാവും സമരത്തിന് നേതൃത്വം നല്‍കുക
അടിച്ചമര്‍ത്താനാണ് പിണറായിയുടെ തീരുമാനമെങ്കില്‍ വെല്ലുവിളിയായി സ്വീകരിക്കുന്നു; ബിജെപി നേരിട്ട് സമരത്തിന്: പിഎസ് ശ്രീധരന്‍പിള്ള

കോഴിക്കോട്: ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കടുത്ത വാശി ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇക്കാര്യത്തില്‍ വിശ്വാസികളുടെ അഭിപ്രായം മാനിക്കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വിട്ടീലേക്ക് സമാധാനപരമായി നടത്തിയ മാര്‍ച്ചിനെ യാതൊരു കാരണവും ഇല്ലാതെയാണ് പിണറായി സര്‍ക്കാര്‍ നിഷ്ഠൂരമായി അടിച്ചമര്‍ത്തിയത്. കഴിഞ്ഞ ദിവസം മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെയും സമാനമായ ആക്രമണമാണ് ഉണ്ടായത്. സമരത്തെ അടിച്ചമര്‍ത്താനാണ് തീരുമാനമെങ്കില്‍ അത് വെല്ലുവിളിയായി സ്വീകരിക്കുന്നവെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ബിജെപി സമരരംഗത്തേക്കിറങ്ങും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ നേരിട്ടിറങ്ങിയാവും സമരത്തിന് നേതൃത്വം നല്‍കുക. കോര്‍കമ്മറ്റി യോഗം ചേര്‍ന്ന ശേഷം സമരരൂപം രണ്ട് ദിവസത്തിനകം അന്തിമമായി പ്രഖ്യാപിക്കും. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സമീപ ജില്ലകളില്‍ ജില്ലാ അധ്യക്ഷന്‍മാര്‍ക്ക് തീരുമാനിക്കാം. ബിജെപി ഞായറാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമല പ്രവേശത്തിന് ബിജെപി എംപി സുബ്രഹ്മണ്യന്‍സ്വാമിയുടെ സ്വാഗതം ചെയ്തല്ലോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് സ്വാമിയുടെ അഭിപ്രായത്തെ പറ്റി അറിയില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കേരളത്തിന് ബാധകമല്ല. അയാള്‍ പാര്‍ട്ടിയുടെ ദേശീയ ഭാരവാഹി അല്ലഎന്നായിരുന്നു മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com