ഒറ്റ രാത്രിയില്‍ കാണാതായത് 26 ചാക്ക് അരി;  പ്രളയ ബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന അരി കള്ളന്‍ കൊണ്ടുപോയി

തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ ആറ് ടണ്‍ അരിയാണ് മൂന്നാറില്‍ എത്തിയത്
ഒറ്റ രാത്രിയില്‍ കാണാതായത് 26 ചാക്ക് അരി;  പ്രളയ ബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന അരി കള്ളന്‍ കൊണ്ടുപോയി

മൂന്നാര്‍; പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന 26 ചാക്ക് അരി ഒറ്റ രാത്രിയില്‍ അപ്രത്യക്ഷമായി. മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ബ്ലോക്കോഫീസില്‍ എത്തിയ അരിയാണ് ഇറക്കി അടുത്ത ദിവസം കാണാതായത്. തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ ആറ് ടണ്‍ അരിയാണ് മൂന്നാറില്‍ എത്തിയത്. 

കളക്റ്ററുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ അധികൃതര്‍ ദേവികുളം ബ്ലോക്ക് ഓഫീസില്‍ ഇത് ഇറക്കി വെച്ചു. വ്യാഴാഴ്ച രാവിലെ മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ്  ആര്‍.കറുപ്പ സ്വാമി അരിയെടുക്കാന്‍ ബ്ലോക്ക് ഓഫീസില്‍ എത്തിയപ്പോഴാണ്  മോഷണത്തെ കുറിച്ചറിയുന്നത്. പ്രളയം തകര്‍ന്ന 13 വാര്‍ഡുകളില്‍ വിതരണം ചെയ്യാനിരുന്ന അരിയായിരുന്നു ഇത്. അരി ലഭിച്ചില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് കളക്റ്റര്‍ക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് അരി എത്തിയതയ. 

അരിചാക്കുകള്‍ സൂക്ഷിക്കാന്‍ സ്ഥലം ലഭിക്കാതെയിരുന്നതോടെയാണ് ബ്ലോക്ക് ഓഫീസില്‍ ഇറക്കിവെച്ചത്. അടുത്തദിവസം ഓഫീസെത്തി പരിശോധിച്ചപ്പോഴാണ് മോഷണം മനസിലായത്. തമിഴ്‌നാട്ടില്‍ നിന്നും തോട്ടം തൊഴിലാളികള്‍ക്ക് വിതരണം നടത്തുന്നതിനായി ടണ്‍ കണക്കിന് ഭഷ്യവസ്തുക്കള്‍ എത്തുന്നുണ്ടെങ്കിലും അതെല്ലാം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ അരി കാണാതായെന്ന ആരോപണം ബിഡിഒ തള്ളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com