ചെറുതോണി ഡാം തുറന്നു, ഒഴുക്കുന്നത് 50 ക്യൂമെക്‌സ് വെള്ളം; പെരിയാറില്‍ കാര്യമായി ജലനിരപ്പ് ഉയരില്ലെന്ന് കലക്ടര്‍

അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമൊന്നുമില്ലെന്ന് കലക്ടര്‍ കെ ജീവന്‍ബാബു
ചെറുതോണി ഡാം തുറന്നു, ഒഴുക്കുന്നത് 50 ക്യൂമെക്‌സ് വെള്ളം; പെരിയാറില്‍ കാര്യമായി ജലനിരപ്പ് ഉയരില്ലെന്ന് കലക്ടര്‍

ചെറുതോണി: ന്യൂന മര്‍ദ മുന്നറിയിപ്പിനെത്തുടര്‍ന്നുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി. ഒരു ഷട്ടര്‍ ഉയര്‍ത്തി 50 ക്യൂമെക്‌സ് വെള്ളമാണ് ഒഴുക്കിവിടുന്നത്.

അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമൊന്നുമില്ലെന്ന് കലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. കെഎസ്ഇബിയാണ് ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. ജില്ലാ ഭരണകൂടം അതിന് അനുമതി നല്‍കി. 50 ക്യൂമെക്‌സ് വെള്ളം ഒഴുക്കുന്നത് പെരിയാറില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാക്കില്ലെന്ന് കലക്ടര്‍ പറഞ്ഞു. 1500 ക്യൂമെക്‌സ് വെള്ളം വരെ നേരത്തെ തുറന്നുവിട്ടതാണ്. എങ്കിലും ഷട്ടര്‍ തുറക്കുന്നതു സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിവു നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ വിശദീകരിച്ചു.

മുന്നൊരുക്കങ്ങളില്ലാതെയാണ് ഷട്ടര്‍ തുറക്കുന്നതെന്ന് നേരത്തെ റോഷി അഗസ്റ്റിന്‍ എംഎല്‍എ വിമര്‍ശിച്ചിരുന്നു. ജനങ്ങള്‍ക്ക് അറിയിപ്പു നല്‍കുന്നതില്‍ ജില്ലാ ഭരണകൂടം വീഴ്ച വരുത്തിയതായും എംഎല്‍എ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് നടന്ന അവലോകന യോഗത്തിലാണ് ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ പതിനൊന്നിന് തുറക്കാന്‍ ധാരണയായത്. ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നതോടെ ഇടുക്കിയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ വെള്ളിയാഴ്ച ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com