പ്രളയ ദുരിതാശ്വാസമായി കിട്ടിയ പണത്തിന് കണക്കില്ല; കൈമലര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസ്

വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്കുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കാര്യം അറിയിച്ചത്
പ്രളയ ദുരിതാശ്വാസമായി കിട്ടിയ പണത്തിന് കണക്കില്ല; കൈമലര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ കേരളത്തെ പുനഃര്‍നിര്‍മിക്കാന്‍ സഹായവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇതുസംബന്ധിച്ച കൃത്യമായ കണക്ക് നല്‍കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്കുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കാര്യം അറിയിച്ചത്.

ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്ന പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആര്‍ക്കും പരിശോധിക്കാമെന്നായിരുന്നു മുന്‍പ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ദുരിതാശ്വസമായെത്തിയ പണത്തെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മറുപടി.  

സാലറി ചലഞ്ചിലൂടെ ലഭിക്കുന്ന പണത്തെക്കുറിച്ചും മുഖ്യമന്ത്രിയുടെ ഓഫീസിന് മറുപടിയില്ല. സാലറി ചാലഞ്ച് മുഖേന സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയില്‍നിന്നു ലഭിച്ച തുക, മറ്റു വിവരങ്ങള്‍ എന്നിവയ്ക്കായി അതാത് ഓഫിസുകളില്‍ ചോദിക്കണമെന്ന മറുപടിയാണ് വിവരാവകാശപ്രകാരം ലഭിച്ചത്. 

ദുരിതാശ്വാസമായി ലഭിച്ച സാധനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ അതാത് ജില്ലാ കലക്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, സംഘടനകള്‍, വിദേശികള്‍, കേന്ദ്ര സര്‍ക്കാര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സിനിമ താരങ്ങള്‍ തുടങ്ങിയവര്‍ നല്‍കിയ തുകയുടെ വിവരങ്ങള്‍ക്കായി അപേക്ഷ ധനകാര്യ വകുപ്പിലേക്കു കൈമാറുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ മറുപടിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com