ദേവസ്വം ബോര്‍ഡില്‍ ഭിന്നത; കമ്മീഷണര്‍ക്കെതിരെ പരാതിയുമായി പദ്മകുമാര്‍, വാസുവിനെ മന്ത്രി വിളിപ്പിച്ചു 

ശബരിമല സ്ത്രീപ്രവേശനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഭിന്നത
ദേവസ്വം ബോര്‍ഡില്‍ ഭിന്നത; കമ്മീഷണര്‍ക്കെതിരെ പരാതിയുമായി പദ്മകുമാര്‍, വാസുവിനെ മന്ത്രി വിളിപ്പിച്ചു 

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഭിന്നത. സ്ത്രീ പ്രവേശനം അനുവദിച്ചുളള സുപ്രിംകോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം കമ്മീഷണര്‍ അറിയിച്ചിരുന്നു. ഇത് ഉള്‍പ്പെടെ കമ്മീഷണറുടെ വിവിധ പരാമര്‍ശങ്ങളില്‍ അതൃപതി പ്രകടിപ്പിച്ച ദേവസ്വം പ്രസിഡന്റ് ദേവസ്വം മന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ പ്രസിഡന്റ് എ.പദ്മകുമാറിന് അതൃപ്തി ഇല്ലെന്നും പതിവ് കൂടിക്കാഴ്ച്ച എന്നുമാണ് കമ്മീഷണര്‍ എന്‍.വാസു പറഞ്ഞത്. സംഭവത്തില്‍ മന്ത്രി കമ്മീഷണറെ വിളിപ്പിച്ചു. അനാവശ്യ വിവാദം വേണ്ടെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കുമെന്നും കോടതി വിധി ഉള്ളതിനാല്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയാനാകില്ലെന്നുമാണ് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പറഞ്ഞത്. സ്ഥലപരിമിതി ഉള്ളതിനാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ബുദ്ധിമുട്ടുണ്ട്. പുതിയ നിര്‍മ്മാണത്തിന് തടസ്സമുണ്ട്. നിലവിലുള്ള സ്ഥലത്ത് സൗകര്യങ്ങള്‍ ഒരുക്കും. സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ശൗചാലയം നിര്‍മ്മിക്കുമെന്നും ദേവസ്വം കമ്മീഷണര്‍ പറഞ്ഞു. ഇക്കാര്യങ്ങളിലാണ് ദേവസ്വം പ്രസിഡന്റ് അതൃപ്തി പ്രകടിപ്പിച്ചത്. പുന:പരിശോധന ഹര്‍ജിയിലും സ്ത്രീകള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നതിലുമാണ് ബോര്‍ഡില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ഇക്കാര്യങ്ങളില്‍ ബോര്‍ഡ് തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. 

തുലാമാസ പൂജയ്ക്ക് സ്ത്രീകള്‍ വരുന്നതിനോട് ബോര്‍ഡിന് എതിര്‍പ്പില്ല. പമ്പയില്‍ സ്ത്രീകള്‍ക്ക് സ്‌നാനത്തിന് പ്രത്യേക സൗകര്യം ഒരുക്കും. സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം ശൗചാലയം നിര്‍മ്മിക്കും. ഇതിന് പ്രത്യേക നിറം നല്‍കും. പതിനെട്ടാംപടിയില്‍ വനിതാ പൊലീസിനെ നിയോഗിക്കുന്നത് സംബന്ധിച്ച് ഡിജിപിയുമായി ചര്‍ച്ച ചെയ്യും. പമ്പയില്‍ സ്ത്രീകളെ തടയാന്‍ ജീവനക്കാരെ നിയോഗിക്കുന്നത് പുനരാലോചിക്കും. സ്ത്രീകള്‍ക്കായി പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ടെന്നും ദേവസ്വം കമ്മീഷണര്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com