മഴ കുറഞ്ഞു, മലയോര മേഖലകളിലെ വിനോദ സഞ്ചാര നിയന്ത്രണത്തില്‍ ഇളവ്

സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ മലയോര മേഖലകളിലെ വിനോദ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ ഇളവ് വരുത്തി
മഴ കുറഞ്ഞു, മലയോര മേഖലകളിലെ വിനോദ സഞ്ചാര നിയന്ത്രണത്തില്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ മലയോര മേഖലകളിലെ വിനോദ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ ഇളവ് വരുത്തി. കണ്‍ട്രോള്‍ റൂമുകള്‍ തുടരുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് സംസ്ഥാനത്ത് കനത്ത മഴയായി മാറുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിരുന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടാണ് പിന്‍വലിച്ചത്. ഇനി ഈ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രം. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളാതീരത്ത് നിന്ന് അകലുന്ന കൊണ്ടാണ് മഴ കുറഞ്ഞത്. എന്നാല്‍ തിരുവനന്തപുരം, കൊല്ലം അടക്കമുളള ജില്ലകളിലെ പല ഭാഗങ്ങളിലും ഇന്ന് മഴ പെയ്യുന്നുണ്ട്.

മഴ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ മൂന്ന് മണിക്ക് അടച്ചു. ഇടുക്കി ജില്ലയില്‍ കനത്തമഴ പെയ്യുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് വെളളം പുറത്തേയ്ക്ക് ഒഴുക്കിയത്. 

മിനിക്കോയ് ദ്വീപിനുസമീപം രൂപംകൊണ്ട അതിശക്തമായ ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു. കേരള തീരത്തുനിന്ന് അകലെയാണെങ്കിലും സംസ്ഥാനത്ത് കനത്തമഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തിരുവനന്തപുരത്ത്  ശക്തമായ മഴ പെയ്ത് തുടങ്ങി. മറ്റ് മിക്ക ജില്ലകളിലും തെളിഞ്ഞ കാലാവസ്ഥയാണ്. വലിയ ആശങ്കയൊഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

ലുബാന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് പരക്കെയും ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ മണിക്കൂറില്‍ 85 കിലോമീറ്ററും തീരപ്രദേശങ്ങളില്‍ 60 കിലോമീറ്ററും വേഗതയില്‍ കാറ്റു വീശും. സര്‍ക്കാരും അതത് ജില്ലാ ഭരണകൂടങ്ങളും നല്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലില്‍ പോകരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com