സ്ത്രീകൾ വരുന്നതിനെ തടയില്ല ; പ്രത്യേക സൗകര്യം ഒരുക്കും, പതിനെട്ടാം പടിയിൽ വനിതാ പൊലീസിനെ നിയോ​ഗിക്കുന്ന കാര്യം ചർച്ച ചെയ്യും : ദേവസ്വം ബോർഡ്

പതിനെട്ടാംപടിയിൽ വനിതാപൊലീസിനെ നിയോ​ഗിക്കുന്നത് സംബന്ധിച്ച് ഡിജിപിയുമായി ചർച്ച ചെയ്യും
സ്ത്രീകൾ വരുന്നതിനെ തടയില്ല ; പ്രത്യേക സൗകര്യം ഒരുക്കും, പതിനെട്ടാം പടിയിൽ വനിതാ പൊലീസിനെ നിയോ​ഗിക്കുന്ന കാര്യം ചർച്ച ചെയ്യും : ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് സൗകര്യം ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കോടതി വിധി ഉള്ളതിനാൽ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയാനാകില്ലെന്ന് ദേവസ്വം കമ്മീഷണർ എൻ വാസു പറഞ്ഞു. സ്ഥലപരിമിതി ഉള്ളതിനാൽ സ്ത്രീകൾക്ക് കൂടുതൽ സൗകര്യങ്ങൽ ഒരുക്കാൻ ബുദ്ധിമുട്ടുണ്ട്. പുതിയ നിർമ്മാണത്തിന് തടസ്സമുണ്ട്. നിലവിലുള്ള സ്ഥലത്ത് സൗകര്യങ്ങൾ ഒരുക്കും. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ശൗചാലയം നിർമ്മിക്കുമെന്നും ദേവസ്വം കമ്മീഷണർ പറഞ്ഞു. 

തുലാമാസ പൂജയ്ക്ക് സ്ത്രീകൾ വരുന്നതിനോട് ബോർഡിന് എതിർപ്പില്ല. പമ്പയിൽ സ്ത്രീകൾക്ക് സ്നാനത്തിന് പ്രത്യേക സൗകര്യം ഒരുക്കും. സ്ത്രീകൾക്ക് മാത്രമായി പ്രത്യേകം ശൗചാലയം നിർമ്മിക്കും. ഇതിന് പ്രത്യേക നിറം നൽകും. പതിനെട്ടാംപടിയിൽ വനിതാ പൊലീസിനെ നിയോ​ഗിക്കുന്നത് സംബന്ധിച്ച് ഡിജിപിയുമായി ചർച്ച ചെയ്യും. പമ്പയിൽ സ്ത്രീകളെ തടയാൻ ജീവനക്കാരെ നിയോ​ഗിക്കുന്നത് പുനരാലോചിക്കും. സ്ത്രീകൾക്കായി പ്രത്യേക തയ്യാറെടുപ്പുകൾ നടത്താൻ ദേവസ്വം ബോർഡിന് ബാധ്യതയുണ്ടെന്നും ദേവസ്വം കമ്മീഷണർ പറഞ്ഞു. 

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് നാളെ ഹൈക്കോടതിയിൽ രേഖാമൂലം റിപ്പോർട്ട് സമർപ്പിക്കും. ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എന്തൊക്കെ ഒരുക്കങ്ങൾ നടത്തിയെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിനോട് ആരാഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ബോർഡിന് നിർദേശം നൽകിയിരുന്നു. 

അതിനിടെ സ്ത്രീപ്രവേശനത്തിനെതിരെ കേരളത്തിൽ വൻ പ്രതിഷേധമാണ് ഉണ്ടായിട്ടുള്ളത്. എൻഎസ്എസ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറുന്നത്. ബിജെപി, കോൺ​ഗ്രസ് തുടങ്ങിയ രാഷ്ട്രീയപാർട്ടികളും പ്രതിഷേധത്തെ അനുകൂലിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. അതിനിടെ പ്രശ്നത്തിൽ സമവായം ലക്ഷ്യമിട്ട് സർക്കാർ നടത്തിയ നീക്കം പാളി. മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ നിന്നും തന്ത്രികുടുംബം പിന്മാറി. റിവ്യൂ ഹർജിയുടെ കാര്യത്തിൽ തീരുമാനം ആയശേഷം ചർച്ച മതിയെന്നാണ് താഴമൺ കുടുംബം വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com