2012ല്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറിയപ്പോള്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞത്; മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറല്‍

2012ല്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറിയപ്പോള്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞത് - മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറല്‍
2012ല്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറിയപ്പോള്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞത്; മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറല്‍

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിയുണ്ടായതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുകയാണ്. വിധിക്ക് പിന്നാലെ തന്റെ നെഞ്ചില്‍ ചവിട്ടിയേ സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഈശ്വറിന്റെ നിലപാടിനെതിരെ ഫെയസ്ബുക്ക് പോസ്റ്റുമായി മാധ്യമപ്രവര്‍ത്തകന്‍ എബ്രഹാം തടിയൂര്‍. 2012ല്‍ ശബരിമലയില്‍ പൊലീസ് സംരക്ഷണതയില്‍ യുവതികള്‍ പ്രവേശിച്ച വാര്‍ത്ത പുറംലോകത്തെ അറിയിച്ചത് ഇദ്ദേഹമായിരുന്നു.

ഈ വാര്‍ത്ത വന്നതിന് പിന്നാലെ തന്നെ വിളിച്ചവരില്‍ ഒരാള്‍ രാഹുല്‍ ഈശ്വറായിരുന്നു.അദ്ദേഹം വിവരങ്ങള്‍ ആരാഞ്ഞു. അതിന് ശേഷം എന്നോട് പറഞ്ഞു. 'ഈ വിഷയം അങ്ങനെ വിട്ടാല്‍ പറ്റില്ല.ഗൗരവമായി എടുക്കും. വേണ്ടിവന്നാല്‍ കേസു കൊടുക്കാന്‍ ഫോട്ടോകള്‍ കൈയ്യിലുണ്ടല്ലോ ' എന്നും ചോദിച്ചു. കാര്യങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും പറഞ്ഞു.എന്നാല്‍, രണ്ടു ദിവസം കഴിഞ്ഞ്, രാഹുലിന്റെ വിളി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് 'സുനില്‍ സ്വാമി വേണ്ടപ്പെട്ട ആളാണ്. കേസിനൊന്നും പോകരുതെന്ന് അമ്മ പറഞ്ഞു. അതു കൊണ്ട് ഞാനതങ്ങ് വിട്ടുവെന്നായിരുന്നു മറുപടിയെന്ന് അദ്ദേഹം ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം


2012 ഏപ്രില്‍ 6 ന് ദേശാഭിമാനി പത്രത്തില്‍ ഞാന്‍ കൊടുത്ത ഒരു വാര്‍ത്തയാണിത്. പൊലിസ് സംരക്ഷണയില്‍ യുവതികള്‍ ശബരിമല സന്നിധാനത്ത് കയറിയത് സംബന്ധിച്ച ഫോട്ടോ സഹിതമുള്ള വാര്‍ത്ത.
ഈ വാര്‍ത്ത ഇപ്പോള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് പ്രത്യേക കാരണമുണ്ട്.ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി വന്ന ശേഷമുള്ള ചിലരുടെ നിലപാടുകളും പ്രതിഷേധവും കണ്ടപ്പോള്‍ ഇത് എടുത്ത് കൊടുക്കണമെന്നു തോന്നി.
ഈ വാര്‍ത്ത വന്നശേഷം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിരവധി ഫോണ്‍ കോളുകള്‍ എനിക്ക് ലഭിക്കയുണ്ടായി. അതിലൊന്ന് ശ്രീ രാഹുല്‍ ഈശ്വറിന്റെതായിരുന്നു. അദ്ദേഹം വിവരങ്ങള്‍ ആരാഞ്ഞു. അതിന് ശേഷം എന്നോട് പറഞ്ഞു. 'ഈ വിഷയം അങ്ങനെ വിട്ടാല്‍ പറ്റില്ല.ഗൗരവമായി എടുക്കും. വേണ്ടിവന്നാല്‍ കേസു കൊടുക്കാന്‍ ഫോട്ടോകള്‍ കൈയ്യിലുണ്ടല്ലോ ' 
എന്നും ചോദിച്ചു. കാര്യങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും പറഞ്ഞു.
എന്നാല്‍, രണ്ടു ദിവസം കഴിഞ്ഞ്, രാഹുലിന്റെ വിളി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് 'സുനില്‍ സ്വാമി വേണ്ടപ്പെട്ട ആളാണ്. കേസിനൊന്നും പോകരുതെന്ന് അമ്മ പറഞ്ഞു. അതു കൊണ്ട് ഞാനതങ്ങ് വിട്ടു ' എന്നാണ് . 
സുനില്‍ സ്വാമി എന്നൊരാളെപ്പറ്റി ഈ വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇദ്ദേഹം കൊല്ലം കാരനായ ഒരു വന്‍ വ്യവസായി ആണ്. തീര്‍ഥാടന കാലത്ത് ഉള്‍പ്പെടെ മിക്കപ്പോഴും ശബരിമലയില്‍ ഉണ്ടാകും. ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ കൈ അയച്ച് സംഭാവന ചെയ്യുന്നയാള്‍.
ഇനി വാര്‍ത്തയിലെ പ്രധാന ഭാഗത്തേക്ക് വരാം. യുവതികള്‍ സന്നിധാനത്തും മാളികപ്പുറത്തും നില്‍ക്കുന്നത് കണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചവരെ പൊലിസ് വിരട്ടിയോടിച്ചു. ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചു വാങ്ങാനും ശ്രമിച്ചു. ഈ യുവതികള്‍ എങ്ങനെ സന്നിധാത്തെത്തി എന്ന് അന്വേഷിച്ചപ്പോള്‍ മാളികപ്പുറം ശാന്തി പറഞ്ഞത് അവര്‍ സുനില്‍ സ്വാമിയുടെ ആള്‍ക്കാരാണെന്നാണ്.
മുംബൈയില്‍ നിന്ന് ഒരു വണ്ടി നിറയെ ആള്‍ക്കാരാണ് അന്നവിടെ എത്തിയത്.പിന്നീട് ഇതേപ്പറ്റി അന്വേഷണം നടന്നു. 
ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച് സുപ്രിം കോടതി വിധിയെ തുടര്‍ന്ന് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണല്ലോ ഇത്.
ശബരിമല ശ്രീ അയ്യപ്പസന്നിധിയില്‍ യുവതികള്‍ പ്രവേശിക്കുന്നത് എന്തു വില കൊടുത്തും തടയുമെന്ന് പറയുന്ന രാഹുല്‍ ഈശ്വറിനോട് എനിക്കിപ്പോള്‍ ചോദിക്കാനുള്ളത് 2012ല്‍ ഈ വിഷയത്തില്‍ താങ്കളെന്തേ മൗനിയായിപ്പോയി?
അധികാരവും പണവും ഉണ്ടെങ്കില്‍ ദര്‍ശനം വിലക്കിയിരിക്കുന്ന പ്രായപരിധിയിലുള്ള ഏത് സ്ത്രീക്കും അയ്യപ്പദര്‍ശനമാകാമെന്നാണോ? വിശ്വാസികളായ സാധാരണ യുവതികള്‍ക്ക് മാത്രം അയ്യപ്പദര്‍ശനം പാടില്ലെന്നാണോ? ദയവു ചെയ്ത് ഇനിയെങ്കിലും ശബരിമല ശ്രീ അയ്യപ്പനോടുള്ള ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നേ പറയാനുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com