താനൂരില്‍ ഗൃഹനാഥനെ കഴുത്തുമുറിച്ച് കൊന്ന കേസ് : മുഖ്യപ്രതി ബഷീര്‍ പിടിയില്‍

കൊലപാതകത്തിന് ശേഷം ദുബായിലേക്ക് കടന്ന ബഷീറിനെ പൊലീസ് നാട്ടിലെത്തിക്കുകയായിരുന്നു
താനൂരില്‍ ഗൃഹനാഥനെ കഴുത്തുമുറിച്ച് കൊന്ന കേസ് : മുഖ്യപ്രതി ബഷീര്‍ പിടിയില്‍

മലപ്പുറം : താനൂരില്‍ മല്‍സ്യതൊഴിലാളി സവാദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ സൗജത്തിന്റെ കാമുകന്‍ ബഷീര്‍ പൊലീസില്‍ കീഴടങ്ങി. കൊലപാതകത്തിന് ശേഷം ദുബായിലേക്ക് കടന്ന ഇയാളെ പൊലീസ് നാട്ടിലെത്തിക്കുകയായിരുന്നു. ചെന്നൈയിലെത്തിയ ബഷീര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

കൊലപാതകത്തിന് ശേഷം അന്നു രാത്രി തന്നെ ഗള്‍ഫിലേക്ക് കടന്ന ബഷീറിന് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഗള്‍ഫിലെ പ്രവാസി സംഘടനകള്‍ വഴിയും ഇന്റര്‍പോള്‍ അടക്കമുള്ള ഏജന്‍സികള്‍ വഴിയും പ്രതിയെ കിട്ടാന്‍ പൊലീസ് നീക്കം ശക്തമാക്കി. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ അടക്കം പ്രതിയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയതോടെ, ബഷീറിന് ഗള്‍ഫില്‍ തുടരാനാകാത്ത സ്ഥിതി സംജാതമാകുകയായിരുന്നു. 

കേസില്‍ സവാദിന്റെ ഭാര്യ സൗജത്ത്, ബഷീറിനെ കൊലപാതകത്തിനായി വീട്ടിലെത്താന്‍ സഹായിച്ച സുഹൃത്ത് സൂഫിയാന്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൗജത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ബഷീര്‍ കൊലപാതകം നടത്തിയത്.  കുട്ടിക്കൊപ്പം വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടന്ന സവാദിനെ ബഷീര്‍ മരത്തടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിന് ശേഷം ബഷീര്‍ രക്ഷപ്പെട്ടു. 

എന്നാല്‍ സവാദ് മരിച്ചിട്ടില്ലെന്ന് കണ്ട സൗജത്ത് ഇക്കാര്യം ബഷീറിനെ ഫോണില്‍ അറിയിച്ചു. തുടര്‍ന്ന് കത്തി കൊണ്ട് കഴുത്ത് മുറിക്കാന്‍ ബഷീര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് സൗജത്ത് കഴുത്ത് മുറിച്ച് ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കി. ഇതിന് ശേഷം ഭര്‍ത്താവിനെ ആരോ ആക്രമിച്ചതായി അയല്‍വീട്ടുകാരെ അറിയിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com