ബ്രൂവറി-ഡിസ്റ്റിലറി അനുമതി സര്‍ക്കാര്‍ റദ്ദാക്കി ; നടപടി വിവാദം ഒഴിവാക്കാനെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിനാവശ്യമായ പുതിയ യൂണിറ്റുകള്‍ അനുവദിക്കുകയെന്ന സമീപനം സര്‍ക്കാര്‍ തുടരും
ബ്രൂവറി-ഡിസ്റ്റിലറി അനുമതി സര്‍ക്കാര്‍ റദ്ദാക്കി ; നടപടി വിവാദം ഒഴിവാക്കാനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ബ്രൂവറി-ഡിസ്റ്റിലറി  അനുമതി റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രൂവറി അനുമതി നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. അനുമതി നല്‍കിയ നടപടിക്രമങ്ങളിലും വീഴ്ച ഉണ്ടായിട്ടില്ല. എങ്കിലും വിവാദം ഒഴിവാക്കാന്‍ ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 

ഇതിനര്‍ത്ഥം പുതിയ ബ്രൂവറി അനുവദിക്കില്ലെന്ന് അല്ല അര്‍ത്ഥമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനാവശ്യമായ പുതിയ യൂണിറ്റുകള്‍ അനുവദിക്കുകയെന്ന സമീപനം സര്‍ക്കാര്‍ തുടരും. കൂടുതല്‍ പരിശോധനകള്‍ നടത്തിയ ശേഷം ബ്രൂവറിക്ക് അനുമതി പുതിയ നല്‍കും. ഇതിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രൂവറിക്കായി നിയമപരമായി  പുതിയ അപേക്ഷകള്‍ നല്‍കാം. ഇത് പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ബ്രൂവറി അനുമതി റദ്ദാക്കിയതില്‍ പ്രതിപക്ഷത്തിന് കീഴടങ്ങുന്നതല്ലേ എന്ന ചോദ്യത്തിന്, പ്രതിപക്ഷം അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ സംസ്ഥാനത്ത് ഈ സാഹചര്യം തുടരുകയല്ല ഇപ്പോഴത്തെ ഘട്ടത്തില്‍ വേണ്ടത്. എന്നത് പരിഗണിച്ചുകൊണ്ട് ബ്രൂവറി യൂണിറ്റുകളും ബ്ലെന്‍ഡിംഗ് യൂണിറ്റുകളും അനുവദിച്ച തീരുമാനം റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് മൂന്ന് പുതിയ ബ്രൂവറിക്കും ഒരു ഡിസ്റ്റിലറിക്കുമാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ ബ്രൂവറി അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും, ബ്രൂവറിക്കായി കിൻഫ്ര ഭൂമി വിട്ടു നൽകിയതിൽ അഴിമതിയുണ്ടെന്നുമായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. പാർട്ടിയിൽ മതിയായ ചർച്ചയില്ലാതെയാണ് ബ്രൂവറികൾ അനുവദിച്ചതെന്ന്  സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും വിമർശനം ഉയർന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com