സമ്മര്‍ദ്ദങ്ങളില്‍ കുലുങ്ങാത്ത ആര്‍ജ്ജവം സര്‍ക്കാരിന്റെ അന്തസ്സു കൂട്ടുന്നു ; മുഖ്യമന്ത്രിയെ പുകഴ്ത്തി ശാരദക്കുട്ടി 

വാക്കുകളിലുള്ള അതീവ ജാഗ്രത. അത് ജനനേതാക്കള്‍ക്ക് പ്രധാനമാണ്
സമ്മര്‍ദ്ദങ്ങളില്‍ കുലുങ്ങാത്ത ആര്‍ജ്ജവം സര്‍ക്കാരിന്റെ അന്തസ്സു കൂട്ടുന്നു ; മുഖ്യമന്ത്രിയെ പുകഴ്ത്തി ശാരദക്കുട്ടി 



കൊച്ചി : ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ പ്രകീര്‍ത്തിച്ച് എഴുത്തുകാരി ശാരദക്കുട്ടി. വ്യക്തവും കൃത്യവുമായ നിലപാടുകള്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ഇടര്‍ച്ചയേതുമില്ലാതെ വ്യക്തമാക്കിയെന്ന് ശാരദക്കുട്ടി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

അങ്ങേയറ്റം വൈകാരികമായ വിഷയങ്ങളിലിടപെടുമ്പോള്‍ പോലും മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന ഈ സൂക്ഷ്മത ഇന്നത്തെ പത്ര സമ്മേളനത്തിലും പ്രകടമായിരുന്നു. വാക്കുകളിലുള്ള അതീവ ജാഗ്രത.അത് ജനനേതാക്കള്‍ക്ക് പ്രധാനമാണ്. ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ ഏറ്റവും ആദരിക്കുന്നത് അളന്നു തൂക്കി ആലോചിച്ചുപയോഗിക്കുന്ന വാക്കുകളിലെ ആ തുടവും തൂക്കവുമാണ്. ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാലാനുസൃതമായി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും. എല്ലാവരും കൂടി ഏകകണ്ഠമായി കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചിട്ടല്ല ഒരു മാറ്റവും വന്നിട്ടുള്ളത്. മാറ്റത്തില്‍ നിന്നുമാറി നിന്നവര്‍ പിന്നീട് ആ മാറ്റങ്ങളുടെ ഗുണഭോക്താക്കളായി മാറിയ ചരിത്രമേയുള്ളു.

വ്യക്തവും കൃത്യവുമായ നിലപാടുകള്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ഇടര്‍ച്ചയേതുമില്ലാതെ വ്യക്തമാക്കി. വൈകാരിക സമ്മര്‍ദ്ദങ്ങളില്‍ കുലുങ്ങാത്ത ആ ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാരിന്റെ അന്തസ്സു വര്‍ദ്ധിപ്പിക്കുന്നതാണ്. സ്ത്രീ വിവേചനത്തെ പ്രോത്സാഹിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ല എന്ന് ശബരിമല വിഷയത്തില്‍ തീര്‍ത്തും അസന്ദിഗ്ദ്ധമായി പറഞ്ഞ ആ വാക്കുകളുടെ ശക്തിക്ക് വലിയ പിന്തുണ.

ഒരു വാക്ക് എപ്പോഴും കൂട്ടിച്ചേര്‍ക്കാന്‍ കഴിയും.എന്നാല്‍ വാ വിട്ട ഒരു വാക്കും തിരിച്ചെടുക്കാന്‍ കഴിയില്ല. അങ്ങേയറ്റം വൈകാരികമായ വിഷയങ്ങളിലിടപെടുമ്പോള്‍ പോലും മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന ഈ സൂക്ഷ്മത ഇന്നത്തെ പത്ര സമ്മേളനത്തിലും പ്രകടമായിരുന്നു. വാക്കുകളിലുള്ള അതീവ ജാഗ്രത .അത് ജനനേതാക്കള്‍ക്ക് പ്രധാനമാണ്.

ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ ഏറ്റവും ആദരിക്കുന്നത് അളന്നു തൂക്കി ആലോചിച്ചുപയോഗിക്കുന്ന വാക്കുകളിലെ ആ തുടവും തൂക്കവുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com