ഓര്‍ക്കുക, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയം നവംബര്‍ 15 വരെ

ഓര്‍ക്കുക, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയം നവംബര്‍ 15 വരെ
ഓര്‍ക്കുക, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയം നവംബര്‍ 15 വരെ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കുന്നതിന് നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിട്ടുപോയവര്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും നവംബര്‍ പതിനഞ്ചു വരെ പേരു ചേര്‍ക്കാം.

2019 ജനുവരി ഒന്നിന് 18 വയസ്സു പൂര്‍ത്തിയാകുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. വോട്ടര്‍ പട്ടികയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇലക്ഷന്‍ വിഭാഗം രൂപകല്‍പ്പന ചെയ്ത സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍സ്വീപ് പ്രോഗ്രാമിലൂടെ യുവജനങ്ങള്‍, സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍ എന്നിവരെ ബോധവല്‍കരിക്കും.  പ്രളയം ബാധിച്ച പ്രദേശങ്ങളും കോളേജുകളും കേന്ദ്രികരിച്ച് പ്രത്യേക ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. ഇതിനായി ബി.എല്‍.ഒ.മാരെ പ്രത്യേകം നിയോഗിക്കും. 

അന്തിമ വോട്ടര്‍ പട്ടിക 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.  

എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 15,071 വോട്ടര്‍മാരുടെ കുറവുണ്ട്.  വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പൊഴിവാക്കാന്‍ ഡിഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പട്ടിക തയ്യാറാക്കിയതിനെ തുടര്‍ന്നാണിത്.   മരിച്ചവര്‍, സ്ഥലം മാറിപ്പോയവര്‍, ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേര് ഉള്ളവര്‍ എന്നിവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇതുവഴി സാധിച്ചു. 

കരടു വോട്ടര്‍ പട്ടികപ്രകാരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത് പിറവത്തും കുറവ് എറണാകുളം നിയോജക മണ്ഡലത്തിലുമാണ്.  പെരുമ്പാവൂരില്‍ 166973, അങ്കമാലി 157207, ആലുവ 170356, കളമശ്ശേരി 179003, പറവൂര്‍ 181364, വൈപ്പിന്‍ 160115, കൊച്ചി 165773, തൃപ്പൂണിത്തുറ 188528, എറണാകുളം 144985, തൃക്കാക്കര 170807, കുന്നത്തുനാട് 167353, പിറവം 191415, മൂവാറ്റുപുഴ 169608, കോതമംഗലം 153715 വീതമാണ് വോട്ടര്‍മാരുള്ളത്. സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടുതലുള്ളത് തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്; 1000 പുരുഷന്മാര്‍ക്ക് 1059 സ്ത്രീകള്‍. കുറവ് മൂവാറ്റുപുഴയിലും രേഖപ്പെടുത്തി; 1000 പുരുഷന്മാര്‍ക്ക് 994 സ്ത്രീകള്‍. ഇത്തവണ കണയന്നൂര്‍ താലൂക്കിലും മൂവാറ്റുപുഴ താലൂക്കിലും പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്.  ഭിന്നലിംഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്നു പേരുടെ വര്‍ദ്ധനവുണ്ടായി.  

ഇലക്ഷന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ജില്ലയിലെ എല്ലാ തഹസില്‍ദാര്‍മാരെയും ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും ഉള്‍പ്പെടുത്തി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ദിനേശ് കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രളയം ബാധിച്ച പോളിംഗ് സ്‌റ്റേഷനുകളുടെ പട്ടിക തയ്യാറാക്കുക, അംഗവൈകല്യം ഉള്ളവര്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കുക, കമ്മ്യൂണിക്കേഷന്‍ പ്ലാന്‍, ട്രാന്‍സ്‌പോര്‍ടേഷന്‍ പ്ലാന്‍, എന്നിവ നടപ്പാക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com