ഓര്‍മ്മയില്ലെന്ന് പറയരുത്; മുകേഷ് നിങ്ങള്‍ ജനപ്രതിനിധിയാണ്: ഭാഗ്യലക്ഷ്മി പറയുന്നു

ഓര്‍മയില്ല എന്ന് മുകേഷ് പറയുന്നത് ശരിയല്ല. ഒന്നുമില്ലെങ്കില്‍ അത് പറയണം. ഓര്‍മയില്ല എന്ന് പറയുന്നത് ശരിയായ രീതിയല്ല
ഓര്‍മ്മയില്ലെന്ന് പറയരുത്; മുകേഷ് നിങ്ങള്‍ ജനപ്രതിനിധിയാണ്: ഭാഗ്യലക്ഷ്മി പറയുന്നു

കൊച്ചി: നടന്‍ മുകേഷിനെതിരായ മീ ടു ക്യാംപെയ്ന്‍ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടത് എംഎല്‍എ കൂടിയായ മുകേഷിന്റെ കടമയാണ്. എന്താണ് യാഥാര്‍ഥ്യമെന്ന് മുകേഷ് പറയണം. എന്തുപറഞ്ഞാലും ഉടനെ പെണ്ണ് നുണ പറയുന്നു, ഇല്ലാക്കഥ പറയുന്നു എന്നാണല്ലോ പൊതുവെ നമ്മള്‍ കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ മുകേഷ് തന്നെ പറയട്ടെ എന്താണ് സംഭവിച്ചതെന്ന്. ഭാഗ്യലക്ഷ്മി പറഞ്ഞു.

ഓര്‍മയില്ല എന്ന് മുകേഷ് പറയുന്നത് ശരിയല്ല. ഒന്നുമില്ലെങ്കില്‍ അത് പറയണം. ഓര്‍മയില്ല എന്ന് പറയുന്നത് ശരിയായ രീതിയല്ല. പ്രത്യേകിച്ച് ഒരു ജനപ്രതിനിധി കൂടിയല്ലേ അദ്ദേഹം. ഇത്തരം തുറന്നുപറച്ചിലുകള്‍ ഗൗരവമുള്ളതാണ്. ഏറെ കാലമായി ഇത്തരം കാര്യങ്ങള്‍ ആരും തുറന്നുപറയാറില്ല. ഈ സാഹചര്യത്തില്‍ തുറന്നുപറയുക എന്നത് ധീരമായ നടപടിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു


ഇപ്പോള്‍ തുടര്‍ച്ചയായുള്ള വെളിപ്പെടുത്തല്‍ സ്വാഗതം ചെയ്യുന്നു. ധൈര്യപൂര്‍വം പെണ്‍കുട്ടികള്‍ തുറന്നുപറയുകയാണ്. തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ടതാണിത്. ഇങ്ങനെയാണ് മാറ്റം വരേണ്ടത് എന്നാണ് അഭിപ്രായമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. 'അമ്മ' പ്രതികരിക്കുന്നതിന് പകരം മുകേഷ് ആണ് സത്യം തുറന്നുപറയേണ്ടത്. കുറവുകള്‍ നോക്കി അമ്മ നടപടിയെടുക്കുകയാണെങ്കില്‍ സംഘടനയിലെ എല്ലാവരെയും പുറത്താക്കേണ്ടി വരും. എന്നോട് ഇത്തരത്തില്‍ സംസാരിച്ചവര്‍ക്ക് ആ സമയം തന്നെ ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്. അത്തരക്കാരുടെ സിനിമകള്‍ വേണ്ടെന്ന് വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാലം മാറി. പെണ്‍കുട്ടികള്‍ രഹസ്യമായി പ്രതികരിക്കുകയും അതിനെ മൂടിവയ്ക്കുകയും ചെയ്യുന്ന കാലം പോയെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ദേശീയ തലത്തില്‍ ഒട്ടേറെ പ്രമുഖര്‍ക്കെതിരെ നടിമാരുടെയും മറ്റു സഹപ്രവര്‍ത്തകരുടെയും വെളിപ്പെടുത്തല്‍ തുടരുകയാണ്. എന്നാല്‍ ആദ്യമായാണ് മലയാളത്തിലെ പ്രമുഖ നടനെതിരെ ആരോപണം ഉയരുന്നത്. കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് ആണ് മുകേഷിനെതിരെ രംഗത്തുവന്നത്. 19 വര്‍ഷം മുമ്പ് മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്ന് അവര്‍ ആരോപിക്കുന്നു.ആരോപണം മുകേഷ് നിഷേധിച്ചു. ടെസ് ജോസഫ് എന്ന കുട്ടിയെ തനിക്ക് ഓര്‍മ പോലുമില്ലെന്നും ഇത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമായിരുന്നു മുകേഷിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com