നിലയ്ക്കലില്‍ ഹിന്ദു സംഘടനകളുടെ രാപകല്‍ സമരം തുടരുന്നു ; പ്രതിരോധ നീക്കവുമായി സിപിഎം, വനിതാ സംഗമം പത്തനംതിട്ടയില്‍  

പത്തനംതിട്ട ജില്ലയില്‍ ഇന്ന് നടക്കുന്ന വനിതാസംഗമം സിപിഎം കേന്ദ്രകമ്മറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനംചെയ്യും
നിലയ്ക്കലില്‍ ഹിന്ദു സംഘടനകളുടെ രാപകല്‍ സമരം തുടരുന്നു ; പ്രതിരോധ നീക്കവുമായി സിപിഎം, വനിതാ സംഗമം പത്തനംതിട്ടയില്‍  

പത്തനംതിട്ട : ശബരിമല വിധിക്കെതിരെ നിലയ്ക്കലില്‍ കുടില്‍ കെട്ടിയുള്ള രാപകല്‍ സമരം തുടരുന്നു. പര്‍ണശാല കെട്ടി  ശരണം വിളികളുമായാണ് നിലയ്ക്കലില്‍ സമരം തുടരുന്നത്. പന്തളം കൊട്ടാരത്തിന്റെയും വിവിധ ഹിന്ദു സംഘടനകളുടെയും പിന്തുണയും സമരത്തിനുണ്ട്. ആദിവാസികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള രാപ്പകല്‍ സമരമാണ് നിലയ്ക്കലില്‍ നടക്കുന്നത്. പന്തളം കൊട്ടാരത്തിലെ പ്രതിനിധികള്‍ ഇന്നലെ സമരവേദിയിലെത്തി പിന്തുണ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഇന്ന് നാമജപ ഘോഷയാത്ര നടക്കും. 

അതിനിടെ ശബരിമല പ്രക്ഷോഭത്തിനെതിരെ പ്രതിരോധനീക്കവുമായി സിപിഎം രംഗത്തിറങ്ങുന്നു. സ്ത്രീകളെ മുന്‍നിര്‍ത്തിയാണ് പ്രതിരോധം. ശബരിമല സ്ത്രീ പ്രവേശവിഷയത്തില്‍ ഹിന്ദുസംഘടനകളുടെ സമരങ്ങളില്‍ സ്ത്രീപങ്കാളിത്തം സജീവമായ സാഹചര്യത്തിലാണ് ഈ നീക്കം. പത്തനംതിട്ട ജില്ലയില്‍ തുടക്കമിടുന്ന വനിതാസംഗമം മറ്റ് ജില്ലകളിലും നടത്തും. കുടുംബശ്രീ പ്രവര്‍ത്തകരോട് വനിതാ സംഗമത്തില്‍ പങ്കെടുക്കാന്‍ സി.പി.എം നിര്‍ദ്ദേശം നല്‍കി.

സ്ത്രീകളെ മുന്‍നിര്‍ത്തി ശബരിമലവിഷയം ഹിന്ദുസംഘടനകള്‍ കെടാതെ നിര്‍ത്തുന്ന സാഹചര്യത്തിലാണ് സി.പി.എം വനിതാസംഗമത്തിലൂടെ പ്രതിരോധത്തിനൊരുങ്ങുന്നത്. ഇന്ന് പത്തനംതിട്ട ജില്ലയില്‍ ജനാധിപത്യമഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാസംഗമം സിപിഎം കേന്ദ്രകമ്മറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനംചെയ്യും.  മറ്റ് ജില്ലകളിലും ജനാധിപത്യമഹിളാ അസോസിയേഷനെ മുന്‍നിര്‍ത്തി സിപിഎം വനിതാസംഗമം നടത്തും. 

ജില്ലയില്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലെ  കുടുംബശ്രി പ്രവര്‍ത്തകരോട് വനിതാസംഗമത്തില്‍ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ പലയിടങ്ങളിലും ശബരിമല വിഷയത്തില്‍ സ്ത്രികള്‍ തന്നെ സമരത്തിന് മുന്നിട്ടിറങ്ങിയതോടെയാണ് സി.പി.എം പ്രതിസന്ധിയിലായത്. തുല്യനീതി മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഎമ്മിന്റെ പ്രതിരോധ ശ്രമം. ശബരിമല വിഷയത്തില്‍ കോടതി വിധി അംഗീകരിക്കുന്നുവെന്നും, റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com