മുകേഷിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതും രാഷ്ട്രീയ വത്കരിച്ചതും തെറ്റ്; ഇതെന്റെ ജീവിതമാണ്; വിശദീകരണവുമായി  ടെസ് ജോസഫ്

മുകേഷിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതും രാഷ്ട്രീയ വത്കരിച്ചതും തെറ്റ് -  ഇതെന്റെ ജീവിതമാണ് -വിശദീകരണവുമായി  ടെസ് ജോസഫ്
മുകേഷിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതും രാഷ്ട്രീയ വത്കരിച്ചതും തെറ്റ്; ഇതെന്റെ ജീവിതമാണ്; വിശദീകരണവുമായി  ടെസ് ജോസഫ്

മുംബൈ; മീ ടൂ ക്യാംപെയ്‌നിലൂടെ നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണങ്ങളുന്നയിച്ച  ടെസ് ജോസഫ് വിശദീകരണവുമായി രംഗത്ത്. തന്റെ വെളിപ്പെടുത്തലിനെ രാഷ്ട്രീയവല്‍ക്കരിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ടെസ് രംഗത്തെത്തിയത്.ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതായി കാണുന്നു. പലരും അക്കാര്യം പറഞ്ഞു. ഒരുകാര്യം വ്യക്തമാക്കട്ടെ. ഇതെന്റെ ജീവിതമാണ്. നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ല. മുകേഷിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയതും വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതും തെറ്റാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ എന്റെ കാര്യങ്ങളെ സ്വന്തം അജണ്ടകള്‍ക്കായി ഉപയോഗിക്കരുത് ടെസ് ട്വിറ്ററില്‍ കുറിച്ചു

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചില പ്രശ്‌നങ്ങള്‍ക്കെതിരെ നിലപാടെടുക്കുകയായിരുന്നു ലക്ഷ്യം. സ്ത്രീകള്‍ക്കു പിന്തുണയും സുരക്ഷിതവുമായ സാഹചര്യം തൊഴിലിടങ്ങളില്‍ വേണം. എന്താണ് 19 വര്‍ഷം കാത്തിരുന്നത് എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. കഴിഞ്ഞ മൂന്നുദിവസങ്ങളിലേക്കു നോക്കൂ. ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ സ്ത്രീകള്‍ അവരുടെ കഥകള്‍ പറയുന്ന സാഹചര്യം കാണുന്നില്ലേ? വീട്ടുകാരുള്‍പ്പെടെ ഞാനുമായി അടുപ്പമുള്ളവര്‍ക്കെല്ലാം ഇക്കാര്യങ്ങള്‍ വര്‍ഷങ്ങളായി അറിയാമായിരുന്നു. വിശ്വാസത്തോടെ പറയാന്‍ വേദിയില്ലാതിരുന്നതുകൊണ്ടാണ് ഇതുവരെ മൗനം പാലിച്ചത് ടെസ് പറഞ്ഞു.

ജനകീയ ടെലിവിഷന്‍ പ്രോഗ്രാമായ കോടിശ്വരന്‍ പരിപാടിക്കിടെ നടന്‍ മുകേഷ് തന്നെ പലതവണ വിളിച്ച് ശല്യപ്പെടുത്തിയതായി സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ് വെളിപ്പെടുത്തി. എന്നാല്‍ തനിക്ക് ഒന്നും ഓര്‍മ്മയില്ലെന്നാണ് ഇക്കാര്യത്തില്‍ നടന്‍ മുകേഷ് പ്രതികരിച്ചത്.

പലവട്ടം തന്റെ ഹോട്ടല്‍മുറിയിലേക്ക് വിളിച്ച് ശല്യപ്പെടുത്തി. തനോട് മുകേഷിന്റെ മുറിയുടെ സമീപത്തേയ്ക്ക് താമസം മാറാനും നിര്‍ദേശിച്ചു. തുടര്‍ന്ന് ഇക്കാര്യം അന്ന് തന്റെ ബോസായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയിനെ അറിയിച്ചു. ഒബ്രയിന്റെ ഇടപെടല്‍ തന്നെ സഹായിച്ചതായും ടെസ് ജോസഫ് ട്വിറ്ററില്‍ വെളിപ്പെടുത്തി.

19 വര്‍ഷം മുന്‍പാണ് സംഭവം. അന്ന് തനിക്ക് 20 വയസായിരുന്നു. മുകേഷില്‍ നിന്നുമുണ്ടായ മോശം പെരുമാറ്റം ഡെറിക് ഒബ്രയിനിനെ അറിയിച്ചു. തുടര്‍ന്ന് ഒരു മണിക്കൂറോളം താന്‍ അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടുത്ത ഫ്‌ലൈറ്റില്‍ താന്‍ അവിടെ നിന്നും രക്ഷപ്പെട്ടതായും ടെസ് ജോസഫ് ട്വിറ്ററില്‍ വെളിപ്പെടുത്തി. 

അന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘത്തില്‍ താന്‍ മാത്രമായിരുന്നു സ്ത്രീയായി ഉണ്ടായിരുന്നത്. ഒരു രാത്രി നിലയ്ക്കാതെ ഫോണ്‍വിളികള്‍ വന്നതിനെ തുടര്‍ന്ന് താന്‍ സഹപ്രവര്‍ത്തകന്റെ മുറിയിലാണ് അന്നേ ദിവസം താമസിച്ചത്. തനിക്ക് വ്യത്യസ്ത മുറി അനുവദിച്ചതുമായി ബന്ധപ്പെട്ട് നടനോട് ചോദിച്ചതായും ടെസ് ജോസഫ് ട്വിറ്ററില്‍ വെളിപ്പെടുത്തി

മീ ടൂ വെളിപ്പെടുത്തലിനു പിന്നാലെ മുകേഷിനെതിരെ കൊല്ലത്ത് വന്‍ പ്രതിഷേധമുയര്‍ന്നു. എംഎല്‍എയുടെ ഓഫിസിലേക്കു കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ആരോപണം ഗൗരവമുള്ളതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലത്തെ മുകേഷിന്റെ ഓഫിസിലേക്കു പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അര മണിക്കൂറോളം ദേശീയപാതയില്‍ കുത്തിയിരുന്നു. എംഎല്‍എയുടെ കോലവും കത്തിച്ചു.മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ എംഎല്‍എയുടെ ഓഫിസിലേക്കു മാര്‍ച്ച് നടത്തി. പരിസരത്തുണ്ടായിരുന്ന മുകേഷിന്റെ ചിത്രമുള്ള ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ കീറിക്കളഞ്ഞു. പ്രതിഷേധ സാധ്യത കണക്കിലെടുത്തു വീടിനും ഓഫിസിനും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മുകേഷിനെതിരെയുള്ള ആരോപണത്തില്‍ നടപടികള്‍ നിയമപരമായി പോകട്ടെയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com