പൊലീസല്ല പട്ടാളം വന്നാലും സ്ത്രീകള്‍ ശബരിമല കയറില്ല; കോടിയേരി എരിതീയില്‍ എണ്ണയൊഴിക്കുന്നു: കെ സുധാകരന്‍

പൊലീസല്ല പട്ടാളം വന്നാലും ശബരിമലയില്‍ സത്രീകളെ കയറ്റാന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍
പൊലീസല്ല പട്ടാളം വന്നാലും സ്ത്രീകള്‍ ശബരിമല കയറില്ല; കോടിയേരി എരിതീയില്‍ എണ്ണയൊഴിക്കുന്നു: കെ സുധാകരന്‍

കണ്ണൂര്‍:  പൊലീസല്ല പട്ടാളം വന്നാലും ശബരിമലയില്‍ സത്രീകളെ കയറ്റാന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പൊലീസിനെയും പട്ടാളത്തെയും വെച്ച് സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള നിലപാടില്‍ നിന്ന് സര്‍്ക്കാര്‍ പിന്‍വാങ്ങണമെന്നും സുധാകരന്‍ പറഞ്ഞു. സുന്നികളുടെ പള്ളിയില്‍ സ്ത്രീകളെ കയറ്റണമെന്ന് പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. ശബരിമല വിശ്വാസികളെ സംരക്ഷിക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പിടിവാശി ഒഴിവാക്കണമെന്നും സുധാകരന്‍ പറഞ്ഞു

സ്ത്രീകള്‍ക്ക് സമത്വം വേണമെന്ന് പറഞ്ഞ് കോടതി വിധി നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ തുടരുന്നത്. കോടതി വിധി വന്നതിന് പിന്നാലെ ഇതിനായുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പൊലീസല്ല പട്ടാളം വന്നാലും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കാന്‍ വിശ്വാസികള്‍ അനുവദിക്കില്ല. അയ്യപ്പഭക്തിയെ പ്രകീര്‍ത്തിച്ച് കൊണ്ട് നാടാകെ ജനം ഇളകുന്നത് സര്‍ക്കാര്‍ കാണണം. ഈ ആള്‍ക്കൂട്ടത്തെ ആരും സംഘടിപ്പിക്കുന്നതല്ല. ജല്ലിക്കെട്ടില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചതുപോലെ സന്ദര്‍ഭേചിതമായി ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 

അയ്യപ്പനില്‍ വിശ്വാസമുള്ള ഒരു സ്ത്രീയും കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പോകില്ല. ട്രക്കിങ് താല്‍പര്യമുള്ള, സാഹസിക സഞ്ചാരിയുടെ മനോഭാവമുള്ള ചില സ്ത്രീകളുണ്ട്. അവര്‍ പോകുമായിരിക്കും. മതത്തിന്റെ കാര്യങ്ങള്‍ മതനേതൃത്വം തീരുമാനിക്കട്ടെ. കോടതിക്ക് അതില്‍ എന്തുകാര്യമെന്നും സുധാകരന്‍ ചോദിച്ചു. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. ദേവസ്വം ബോര്‍ഡിനെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com