മുസ്ലീംപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം; ഹര്‍ജിയുമായി ഹിന്ദു മഹാസഭാ അധ്യക്ഷന്‍ ഹൈക്കോടതിയില്‍

മുസ്ലീംപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം - ഹര്‍ജിയുമായി ഹിന്ദു മഹാസഭാ അധ്യക്ഷന്‍ ഹൈക്കോടതിയില്‍
മുസ്ലീംപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം; ഹര്‍ജിയുമായി ഹിന്ദു മഹാസഭാ അധ്യക്ഷന്‍ ഹൈക്കോടതിയില്‍


കൊച്ചി: മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അഖിലഭാരത് ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥാണ് കോടതിയെ സമീപിച്ചത്. 

പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളെയും മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി പ്രവേശിപ്പിക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ശബരിമലയില്‍  സ്ത്രീകളെ പ്രവേശിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി അഖിലഭാരത് ഹിന്ദു മഹാസഭ രംഗത്തെത്തിയത്. 

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന മുസ്‌ലിം സംഘടനകള്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്. മുസ്‌ലിം സ്ത്രീകളോടുള്ള മതവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഭരണഘടന അനുശാസിക്കുന്ന ആരാധന സ്വതാന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് മുസ്‌ലിം സ്ത്രീസംഘടനയായ നിസ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.

പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന്‍ സുന്നത്ത് സൊസൈറ്റിയും രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ജമാഅത്തെ ഇസ്‌ലാമി, മുജാദിഹ് വിഭാഗങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നുണ്ട്. മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ കെ, എ പി സുന്നികള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com