ശബരിമല സുപ്രീം കോടതി വിധി നിരാശാജനകം; മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി 

ശബരിമല സുപ്രീം കോടതി വിധി നിരാശാജനകം -  മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി 
ശബരിമല സുപ്രീം കോടതി വിധി നിരാശാജനകം; മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി 

ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് മയപ്പെടുത്തി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോടതി വിധി നിരാശജനകമാണെന്നും അപ്രസക്തമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മ്മാണം നടത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു

സത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിന് വിലക്കില്ല.ആചാരസംരക്ഷണത്തിന് വിശ്വാസികള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാം. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ പിന്നില്‍ കലാപമുണ്ടാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ തന്റെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. ഉറച്ചുനില്‍ക്കുയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഈ സമരം ആര്‍ക്കും വേണ്ടി തുടങ്ങി. ഇതിന് ആരാണ് നേതൃത്വം നല്‍കുന്നത്. ഇത് മൊത്തം ഹിന്ദുക്കളെയാണ് ബാധിക്കുന്നതെങ്കില്‍ ഞങ്ങളെയും ചര്‍ച്ചക്ക് വിളിക്കുമായിരുന്നെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നാഥനില്ലാത്ത സമരത്തിന് ആളെക്കൂട്ടേണ്ട ഗതികേട് എസ്എന്‍ഡിപിക്കില്ല. എന്‍എസ്എസിന്റെ സമരത്തിനോട് യോജിക്കുന്നില്ല. എന്‍എസ്എസ് ഞങ്ങളെ ഹിന്ദുക്കളായി കാണുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയുടെ പേരില്‍ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്ന സമരം തിരിച്ചറിയാനുള്ള വിവേകം ഹിന്ദു സമൂഹത്തിനു വേണമെന്നായിരുന്നു വെള്ളാപ്പളളിയുടെ പ്രതികരണം. ഹിന്ദുത്വത്തിന്റെ പേരില്‍ തെരുവില്‍ ഇറങ്ങി വിദ്വേഷം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ശരിയല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

ശബരിമല കേസിലെ സുപ്രിം കോടതി വിധി നിര്‍ഭാഗ്യകരമാണ്. അതിനെ കര്‍മം കൊണ്ടാണ് മറികടക്കേണ്ടത്. തെരുവില്‍ ഇറങ്ങുന്നതിനോട് യോജിപ്പില്ല. എസ്എന്‍ഡിപി അതിനു നിന്നുതരില്ല. ബിജെപിക്കു പത്തു വോട്ടു നേടിയെടുക്കാനുള്ള സമരമാണ് നടക്കുന്നത്. കോണ്‍ഗ്രസിനും രാഷ്ട്രീയ ലക്ഷ്യമുണ്ട് വെള്ളാപ്പള്ളി പറഞ്ഞു.ആരാണ് ഈ സമരം തീരുമാനിച്ചത്? തമ്പ്രാക്കള്‍ തീരുമാനിച്ചു സമരം നടത്തുകയാണ്. ഒരു ഹിന്ദു സംഘടനയുമായും ചര്‍ച്ച നടത്തിയിട്ടില്ല. 28 ശതമാനം വരുന്ന ഈഴവരെ വിളിച്ച് ആലോചിച്ചിട്ടുണ്ടോ? പട്ടിക ജാതി, വര്‍ഗക്കാരെ വിളിച്ച് ആലോചിച്ചോ? വിമോചന സമരം നടത്താമെന്നാണ് വിചാരം വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിധിയുടെ പേരില്‍ ഹിന്ദുക്കള്‍ തമ്മില്‍ തല്ലുന്നതെന്തിനാണ്? റിവ്യൂ പെറ്റിഷനില്‍ തീരുമാനം വരട്ടെ. ചര്‍ച്ചയ്ക്കു തയാറെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ? സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടേത് തുറന്ന സമീപനമാണ്. സര്‍ക്കാരിനെ മുട്ടുകുത്തിച്ചു കച്ചവടം നടത്താമെന്നാണ് ചിലര്‍ കരുതുന്നത്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചിട്ട് ഈ പറയുന്ന ആളുകളൊന്നും പോയില്ല. പന്തളം രാജകുടുംബവും തന്ത്രികുടുംബവുമായും മാത്രമല്ല, മറ്റു ഹിന്ദു സംഘടനകളുമായും ചര്‍ച്ചയ്ക്കു മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com