കാസര്‍കോട് കേന്ദ്രസര്‍വകലാശാല സംഘപരിവാര്‍ കളരിയാക്കുന്നു; കള്ളക്കേസില്‍ കുടുക്കുന്ന മേലാളന്‍മാരോട് പ്രതികരിച്ചതാണ് അഖില്‍ ചെയ്ത കുറ്റം:വിഎസ്

വിദ്യാര്‍ഥികളുടെ വായ മൂടിക്കെട്ടി കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയെ സംഘപരിവാറിന്റെ പരിശീലനക്കളരിയാക്കി മാറ്റിയെടുക്കാനുള്ള അധികൃതരുടെ നീക്കം അത്യന്തം ആപല്‍ക്കരമാണെന്ന് വി.എസ് അച്യുതാനന്ദന്‍
കാസര്‍കോട് കേന്ദ്രസര്‍വകലാശാല സംഘപരിവാര്‍ കളരിയാക്കുന്നു; കള്ളക്കേസില്‍ കുടുക്കുന്ന മേലാളന്‍മാരോട് പ്രതികരിച്ചതാണ് അഖില്‍ ചെയ്ത കുറ്റം:വിഎസ്

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ വായ മൂടിക്കെട്ടി കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയെ സംഘപരിവാറിന്റെ പരിശീലനക്കളരിയാക്കി മാറ്റിയെടുക്കാനുള്ള അധികൃതരുടെ നീക്കം അത്യന്തം ആപല്‍ക്കരമാണെന്ന് വി.എസ് അച്യുതാനന്ദന്‍. സംഘപരിവാര്‍ അജണ്ടകളോട് സമരസപ്പെടാന്‍ കൂട്ടാക്കാതിരുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയും പുറത്താക്കിയും പക തീര്‍ക്കുന്ന സര്‍വകലാശാലാ മേലാളന്മാരുടെ നിലപാടുകളോട് പ്രതികരിച്ചതാണ് അഖില്‍ എന്ന വിദ്യാര്‍ഥി ചെയ്ത കുറ്റമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് അഖില്‍ എന്ന വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ വിഷയത്തിലാണ് വി.എസ്സിന്റെ പ്രതികരണം.

അഖിലിനെതിരെ കള്ളക്കേസുകള്‍ ചുമത്തുകയും കോളജില്‍നിന്ന് പുറത്താക്കുകയും ചെയ്തിരിക്കുകയാണ്.  ഇതിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും, സര്‍വകലാശാല അടച്ചിട്ട് പാഠം പഠിപ്പിക്കാനുമാണ് അധികൃതര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.  ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയില്‍ നടന്ന വഴിവിട്ട നിയമനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണവും വി.എസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒമ്പതിനായിരുന്നു അഖില്‍ പെരിയയിലെ സര്‍വകലാശാല ആസ്ഥാനത്ത് ഞരമ്പറുത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. വൈസ് ചാന്‍സ്‌ലര്‍, രജിസ്ട്രാര്‍ എന്നിവര്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങളായിരുന്നു വിദ്യാര്‍ത്ഥിയുട ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നത്.കൈഞരമ്പ് മുറിച്ച അഖില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

വൈസ് ചാന്‍സലറായ ഗോപകുമാര്‍, രജിസ്ട്രാറായ രാധാകൃഷ്ണന്‍ നായര്‍, പ്രൊ വൈസ് ചാന്‍സലറായ കെ ജയപ്രസാദ്, ഡോ. മോഹന്‍ കുന്തര്‍ ഇവരെല്ലാം ഞാനെന്ന വ്യക്തിയോട് മാത്രം പ്രത്യേക ദ്രോഹം ചെയ്യുന്നവരല്ല, സാമൂഹ്യ ദ്രോഹികള്‍ കൂടിയാണെന്ന് വിദ്യാര്‍ത്ഥി കത്തില്‍ പറഞ്ഞിരുന്നു. 

ആത്മഹത്യാശ്രമം നടത്തിയ അഖില്‍ താഴത്തിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ വലിയ പ്രതിഷേധമാണ് നടത്തിയത്. സര്‍വകലാശാലയ്‌ക്കെതിരെ അനിശ്ചിതകാല സമരം തുടങ്ങാന്‍ എസ് എഫ് ഐ തീരുമാനിച്ച സാഹചര്യത്തില്‍ ഒപ്പം നില്‍ക്കാനാണ് മറ്റു സംഘടനകളുടെയും തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com