ശശിക്കെതിരായ പരാതി ​ഗൂഢാലോചനയെന്ന് വരുത്തി തീർക്കാൻ കരുനീക്കം ; അനുകൂല മൊഴി നൽകാൻ 14 ലക്ഷം വാ​ഗ്ദാനമെന്ന് വെളിപ്പെടുത്തൽ, പുതിയ വിവാദം

സിപിഎം നേതാക്കളുമായി ബന്ധമുള്ള ജില്ലയിലെ ഒരു വ്യവസായിയാണു തന്നെ സമീപിച്ചതെന്ന് ലോക്കൽ സെക്രട്ടറി വെളിപ്പെടുത്തി
ശശിക്കെതിരായ പരാതി ​ഗൂഢാലോചനയെന്ന് വരുത്തി തീർക്കാൻ കരുനീക്കം ; അനുകൂല മൊഴി നൽകാൻ 14 ലക്ഷം വാ​ഗ്ദാനമെന്ന് വെളിപ്പെടുത്തൽ, പുതിയ വിവാദം

പാലക്കാട് : പി കെ ശശി എംഎൽഎക്കെതിരായ പരാതി ഗൂഢാലോചനയാണെന്നു വരുത്തി ഒരു വിഭാഗം നേതാക്കളെ കുരുക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ. സിപിഎം പുതുശ്ശേരി ഏരിയാ കമ്മിറ്റിയിൽ  ലോക്കൽ സെക്രട്ടറിയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. സിപിഎം നേതാക്കളുമായി ബന്ധമുള്ള ജില്ലയിലെ ഒരു വ്യവസായിയാണു തന്നെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു. 

ഒരു മുൻ എംഎൽഎ, കർഷകസംഘം ജില്ലാ നേതാവ്, ഒരു ഏരിയാ സെക്രട്ടറി, ബന്ധുക്കളായ ജനപ്രതിനിധികൾ എന്നിവർ ശശിക്കെതിരായി പുതുശ്ശേരി ലോക്കൽ കമ്മിറ്റി ഓഫിസിൽ ഗൂഢാലോചന നടത്തിയെന്ന് പാർട്ടി അന്വേഷണ കമ്മിഷനു മൊഴി നൽകണമെന്നായിരുന്നു വ്യവസായിയുടെ ആവശ്യം. ഇതിനു പകരം തന്റെ പേരിലുള്ള 14 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടുത്ത ദിവസം തന്നെ അടച്ചുതീർക്കാമെന്നു വാഗ്ദാനം ചെയ്തുവെന്നും ലോക്കൽ സെക്രട്ടറി പറ‍ഞ്ഞു.

പി കെ ശശിയുടെ വസതിയിൽ ജില്ലയിലെ പ്രധാന സിപിഎം നേതാവ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എംഎൽഎ, ഒരു തൊഴിലാളി നേതാവ് എന്നിവരും താനും ചേർന്നെടുത്ത തീരുമാനപ്രകാരമാണ് ഇതു പറയുന്നതെന്നും വ്യവസായി അറിയിച്ചെന്നു ലോക്കൽ സെക്രട്ടറി കമ്മിറ്റിയിൽ വിവരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ, സംഭവം ഗൗരവമുള്ളതാണെന്നും ഇത്തരത്തിൽ സ്വാധീനിക്കാൻ നടത്തിയ ശ്രമത്തെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിനു പരാതി നൽകണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. 

മേൽകമ്മിറ്റി റിപ്പോർട്ടിങ്ങിനായി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എംഎൽഎയാണ് എത്തിയിരുന്നത്. ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ കമ്മിറ്റിയിൽ വലിയ ചർച്ചയായെങ്കിലും ഇദ്ദേഹം മറുപടി പറഞ്ഞില്ല. തുടർന്ന്  യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ് ഉൾപ്പെടെ സംസ്ഥാന സെക്രട്ടറിക്കു പരാതി നൽകാൻ ഏരിയാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com