സിപിഎം നേതൃയോ​ഗങ്ങൾക്ക് ഇന്ന് തുടക്കം ; പി കെ ശശിക്കെതിരായ അച്ചടക്ക നടപടിയിൽ തീരുമാനമായേക്കും, ശബരിമലയും ചർച്ചയ്ക്ക്

വനിതാ നേതാവിന്റെ പരാതിയിൽ കഴമ്പുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലെന്നാണ് സൂചന
സിപിഎം നേതൃയോ​ഗങ്ങൾക്ക് ഇന്ന് തുടക്കം ; പി കെ ശശിക്കെതിരായ അച്ചടക്ക നടപടിയിൽ തീരുമാനമായേക്കും, ശബരിമലയും ചർച്ചയ്ക്ക്

തിരുവനന്തപുരം: രണ്ടു ദിവസത്തെ സിപിഎം നേതൃയോ​ഗങ്ങൾക്ക് ഇന്ന് തുടക്കം. പി കെ ശശി എംഎൽഎയ്ക്കെതിരായ ലൈം​ഗിക വിവാദം, ശബരിമല സ്ത്രീപ്രവേശനം തുടങ്ങിയ വിഷയങ്ങൾ നേതൃയോ​ഗത്തിൽ ചർച്ചയാകും. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ പി കെ ശശിക്കെതിരെ പാർട്ടി അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് നേതൃയോ​ഗം ചർച്ച ചെയ്യും. ശശിക്കെതിരെയുള്ള അച്ചടക്ക നടപടിയും നേതൃയോ​ഗം കൈക്കൊള്ളുമെന്നാണ് സൂചന. 

വനിതാ നേതാവിന്റെ പരാതിയിൽ കഴമ്പുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലെന്നാണ് സൂചന. പി.കെ. ശ്രീമതി, എ.കെ. ബാലൻ എന്നിവർ ഉൾപ്പെട്ട കമീഷനാണ്​ ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട്​ സമർപ്പിച്ചത്​. പരാതിക്കാരിയായ യുവതി, ആരോപണവിധേയൻ, പാലക്കാട്​ ജില്ല-സംസ്ഥാന ഡി.വൈ.എഫ്​.ഐ നേതാക്കൾ എന്നിവരിൽ നിന്ന്​ കമ്മീഷൻ മൊഴിയെടുത്തിരുന്നു. പാർട്ടി ഓഫീസിൽ വെച്ച് കടന്നുപിടിച്ചെന്നും, വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ഫോണിലൂടെ ശല്യം തുടർന്നെന്നുമാണ് യുവതിയുടെ പരാതി. 

തെരഞ്ഞെടുത്ത എല്ലാ പദവികളിൽനിന്നും​ പി കെ ശശിയെ ഒഴിവാക്കണമെന്ന അഭിപ്രായവും സസ്​പെൻഡ്​ ചെയ്യണമെന്ന ആവശ്യവും പാലക്കാട്​ 
ജില്ലയിലെ ഒരു വിഭാഗത്തിനുണ്ട്​. ശക്തമായ നടപടിക്ക്​ മുതിർന്നില്ലെങ്കിൽ, പരാതിക്കാരി നിയമനടപടി സ്വീകരിച്ചാൽ സിപിഎം കുടുങ്ങുമെന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. അതിനിടെ തനിക്കെതിരായ പരാതിക്ക് പിന്നിൽ ​ഗൂഢാലോചന ഉണ്ടെന്നും, അതിൽ ജില്ലയിലെ ചില പാർട്ടി നേതാക്കൾക്ക് പങ്കുണ്ടെന്നും ശശി ആരോപിച്ചിരുന്നു. ഇക്കാര്യവും കമ്മീഷൻ അന്വേഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ചില നേതാക്കൾക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.  

ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക്​ ശേഷമുള്ള രാഷ്​ട്രീയ സാഹചര്യങ്ങളും നേതൃയോ​ഗം വിലയിരുത്തും.  വിധി വന്നയുടൻ തന്നെ അത്​ വരാനുണ്ടായ സാഹചര്യം തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളുമായും വിളിച്ച്​ ധരിപ്പിക്കണമായിരുന്നു എന്ന  വിമർശനം കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്നിരുന്നു. ശബരിമല വിഷയത്തിൽ എൽ.ഡി.എഫ്​ എടുത്ത പ്രചാരണപരിപാടിക്ക്​ പുറമെ സി.പി.എം നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനും രണ്ടുദിവസത്തെ കമ്മിറ്റി രൂപം നൽകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com