സ്ത്രീകള്‍ വന്നാല്‍ പതിനെട്ടാം പടിയില്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന് പൊലീസ് 

ശബരിമല സന്നിധാനത്ത് സ്ത്രീകളെ പതിനെട്ടാം പടി കയറ്റിവിടുന്നത് ശ്രമകരമായ ദൗത്യമാണെന്ന് പൊലീസ്
സ്ത്രീകള്‍ വന്നാല്‍ പതിനെട്ടാം പടിയില്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന് പൊലീസ് 

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സ്ത്രീകളെ പതിനെട്ടാം പടി കയറ്റിവിടുന്നത് ശ്രമകരമായ ദൗത്യമാണെന്ന് പൊലീസ്. പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് സുപ്രിംകോടതി അനുവാദം നല്‍കിയ പശ്ചാത്തലത്തില്‍ പൊലീസിന്റെ ഉന്നതതല യോഗത്തിലാണ് വിലയിരുത്തല്‍. ശബരിമലയിലേക്കുളള സ്ത്രീകളുടെ വരവ് വര്‍ധിച്ചാല്‍, തിരക്ക് നിയന്ത്രിക്കല്‍ അവതാളത്തിലാകുമെന്നും പൊലീസ് കണക്കുകൂട്ടുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ സാഹചര്യത്തില്‍ പതിനെട്ടാം പടിയിലെ തിരക്ക് നിയന്ത്രിക്കലാണ് കാതലായ പ്രശ്‌നമെന്ന് പൊലീസിന്റെ ഉന്നതതല യോഗം വിലയിരുത്തുന്നു. മിനിറ്റില്‍ 75 പേരെ മാത്രമേ സുഗമമമായി പതിനെട്ടാം പടി കയറ്റിവിടാന്‍ സാധിക്കുകയുളളു. ക്ഷേത്രം ദര്‍ശനത്തിനായി തുറന്നിരിക്കുകയും,അയ്യപ്പ ഭക്തന്മാരുടെ വരവില്‍ സ്ഥിരത പുലര്‍ത്തുകയും ചെയ്താല്‍ മാത്രമേ തിരക്കുളള ദിവസങ്ങളില്‍ നീണ്ട ക്യൂ ഒഴിവാക്കാന്‍ സാധിക്കൂ. പൊലീസുകാര്‍ വ്യത്യസ്ത ഷിഫ്റ്റുകളില്‍ ജോലി ചെയ്താണ് പതിനെട്ടാം പടിയിലെ തിരക്ക് നിയന്ത്രിക്കുന്നത്. 

എന്നാല്‍ സ്ത്രീകളുടെ വരവ് ഉയര്‍ന്നാല്‍ ഭക്തരുടെ ഒഴുക്ക് മന്ദഗതിയിലാവാന്‍ സാധ്യതയുണ്ട്. ഇത് തിരക്ക് നിയന്ത്രിക്കുന്നത് ശ്രമകരമാക്കുമെന്ന് പൊലീസ് യോഗത്തില്‍ വിലയിരുത്തുന്നു. സ്ത്രീകളെ കയറ്റിവിടുന്നതിന്, പതിനെട്ടാം പടിയില്‍ വനിതാ പൊലീസുകാരെ നിയോഗിക്കുന്നതും പ്രായോഗികമല്ലെന്നും പൊലീസുകാര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com