ശബരിമല; രണ്ടാം വിമോചന സമരത്തിന് ചിലര്‍ കോപ്പുകൂട്ടുന്നു; ജാ​ഗ്രത വേണമെന്ന് കോടിയേരി

ശബരിമല വിഷയത്തില്‍ രണ്ടാം വിമോചന സമരത്തിന് ചിലര്‍ കോപ്പുകൂട്ടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ശബരിമല; രണ്ടാം വിമോചന സമരത്തിന് ചിലര്‍ കോപ്പുകൂട്ടുന്നു; ജാ​ഗ്രത വേണമെന്ന് കോടിയേരി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ രണ്ടാം വിമോചന സമരത്തിന് ചിലര്‍ കോപ്പുകൂട്ടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളില്‍ ജാഗ്രത വേണമെന്നും അദ്ദേഹം വ്യക്തമാക്കി.  തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള റിപ്പോര്‍ട്ടിങ്ങിലാണ് കോടിയേരി ഇക്കാര്യം പറയുന്നത്. വിഷയത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ ആരോടും പ്രകോപനപരമായ നിലപാട് സ്വീകരിക്കരുതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം വസ്തുതകള്‍ പറയാതെ മാറിനില്‍ക്കേണ്ട കാര്യവുമില്ല. കോടതി വിധി പഠിച്ച് പാര്‍ട്ടി അംഗങ്ങള്‍ ജനങ്ങളെ സമീപിക്കണം. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി സംഘടിപ്പിക്കും. അടുത്ത മാസം ആദ്യം മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് കാല്‍നട പ്രചാരണ ജാഥകള്‍ നടത്തുമെന്നും കോടിയേരി വ്യക്തമാക്കി. 

അതിനിടെ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുകയാണ്. എന്‍ഡിഎയുടെ ശബരിമല സംരക്ഷണ ജാഥയുടെ  ലോങ് മാര്‍ച്ചിന് നാളെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപനമാകും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു സമാപന സമ്മേളനം ഉദ്ഘാടന ചെയ്യും. പന്തളത്ത് നിന്ന് ദേവസ്വംബോര്‍ഡ് ആസ്ഥാനത്തേക്ക് നടന്ന ശബരിമല സംരക്ഷണ ജാഥയില്‍ പ്രവീണ്‍ തൊഗാഡിയയും സ്വാധി പ്രാചിയും പങ്കെടുത്തു. ഡല്‍ഹിയിലും നാമജപ യജ്ഞം നടന്നു.

അരലക്ഷത്തോളം പ്രതിഷേധക്കാരെ നാളെ തലസ്ഥാനത്ത് എത്തിക്കാനാണ് എന്‍ഡിഎ ശ്രമം. ശബരിമല സംരക്ഷണ ജാഥയുടെ തിരുവനന്തപുരം ജില്ലയിലെ പര്യടനം ആറ്റിങ്ങൽ ആലംകോട് സുരേഷ് ഗോപി എംപി ഫ്ളാഗ് ഓഫ് ചെയ്തു. കഴക്കൂട്ടത്ത് സമാപിക്കുന്ന ജാഥ നാളെ പട്ടത്ത് നിന്ന് വീണ്ടും തുടങ്ങും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com