ചര്‍ച്ചയില്‍ പങ്കെടുക്കും, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്വാമി ശരണം എന്ന് പറഞ്ഞ് തിരിച്ചു പോരുമെന്നും പന്തളം രാജകുടുംബം

ചര്‍ച്ചയ്ക്ക് സഹകരിക്കുന്നില്ല എന്ന ചീത്തപ്പേര് മാറട്ടെ, ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പ് ലഭിക്കുന്നത് വരെ പ്രതിഷേധം നടത്തും. നിലവിലെ ആചാരങ്ങള്‍ തുടരുന്നത് വരെ നാമജപ ഘോഷയാത്ര തുടരാനാണ്
ചര്‍ച്ചയില്‍ പങ്കെടുക്കും, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്വാമി ശരണം എന്ന് പറഞ്ഞ് തിരിച്ചു പോരുമെന്നും പന്തളം രാജകുടുംബം

പന്തളം: ദേവസ്വംബോര്‍ഡ് വിളിച്ച ചര്‍ച്ചയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സന്നദ്ധമാണെന്ന് പന്തളം രാജകുടുംബം.  ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ആവശ്യങ്ങള്‍ ബോര്‍ഡ് അംഗീകരിച്ചില്ലെങ്കില്‍ സ്വാമി ശരണം എന്ന് പറഞ്ഞ് തിരിച്ചു പോരുമെന്നും പന്തളം രാജകുടുംബാംഗമായ ശശികുമാര വര്‍മ്മ വ്യക്തമാക്കി. 

ഭക്തജനങ്ങളുടെ വികാരം സര്‍ക്കാരിനും ബോര്‍ഡിനും മനസിലായിട്ടുണ്ടാവുമെന്നാണ് കരുതുന്നതെന്നും ഇപ്പോഴുണ്ടായ തിരിച്ചറിവ് നേരത്തെ ഉണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായേനെ എന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയ്ക്ക് സഹകരിക്കുന്നില്ല എന്ന ചീത്തപ്പേര് മാറട്ടെ, ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പ് ലഭിക്കുന്നത് വരെ പ്രതിഷേധം നടത്തും. നിലവിലെ ആചാരങ്ങള്‍ തുടരുന്നത് വരെ നാമജപ ഘോഷയാത്ര തുടരാനാണ് ശബരിമല സംരക്ഷണ സമിതിയുടെ തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ പന്തളം കൊട്ടാരത്തിന് പുറമേ, തന്ത്രി സമാജം, അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ എന്നിവര്‍ക്കാണ് ക്ഷണമുള്ളത്. മണ്ഡല മകര വിളക്ക് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് ദേവസ്വം ബോര്‍ഡ് പ്രധാനമായും ചര്‍ച്ച നടത്തുന്നത്.

വിശ്വാസികളുടെ കൂടെത്തന്നെയാണെന്നും ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കണമെന്നാണ് സമിതിയുടെ ആഗ്രഹമെന്നും അയ്യപ്പസേവാ സംഘം നേരത്തേ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. യുവതികള്‍ വന്നാല്‍ തടയില്ലെന്നും അപകടം സംഭവിച്ചാല്‍ രക്ഷിക്കുമെന്നും അത് കടമയാണെന്നുമുള്ള അനുഭാവ പൂര്‍ണമായ നിലപാടാണ് അയ്യപ്പ സേവാ സംഘം കൈക്കൊണ്ടിരിക്കുന്നത്.

 അതേസമയം ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ല എന്നായിരുന്നു പന്തളം രാജകുടുംബത്തിന്റെ മുന്‍ നിലപാട്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി വന്നാല്‍ ധര്‍മ്മയുദ്ധം നടത്തുമെന്ന് മകം തിരുനാള്‍ കേരള വര്‍മ്മരാജ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജകുടുംബം സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com