കെപിഎസി ലളിതയുടേത് സ്ത്രീ വിരുദ്ധ പരാമര്‍ശം ; ലളിത ഇരക്കൊപ്പമോ, അതോ വേട്ടക്കാരനൊപ്പമോ എന്ന് എം സി ജോസഫൈന്‍

വനിതാ കൂട്ടായ്മക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും ജോസഫൈന്‍
കെപിഎസി ലളിതയുടേത് സ്ത്രീ വിരുദ്ധ പരാമര്‍ശം ; ലളിത ഇരക്കൊപ്പമോ, അതോ വേട്ടക്കാരനൊപ്പമോ എന്ന് എം സി ജോസഫൈന്‍

കൊച്ചി : നടി കെപിഎസി ലളിതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍. കെപിഎസി ലളിതയുടേത് സ്ത്രീ വിരുദ്ധമായ പരാമര്‍ശമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. പീഡനം നടന്നാല്‍ അത് കുടുംബത്തിനകത്ത് തന്നെ ഒതുക്കി തീര്‍ക്കണമെന്ന് പറയുന്നത് അടിച്ചമര്‍ത്തലാണ്. ഡബഌയുസിസിക്കെതിരായ സൈബര്‍ ആക്രമണത്തെ അനുകൂലിച്ചത് അപലപനീയം. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ വനിതാ കമ്മീഷന്‍ അന്വേഷണം നടത്തും. വനിതാ കൂട്ടായ്മക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു. 

സ്ത്രീപീഡന പ്രശ്‌നങ്ങളെ ലഘൂകരിച്ച് കാണുന്നത് കെപിഎസി ലളിതയെ പോലുള്ളവര്‍ക്ക് അനുയോജ്യമല്ല. ഇരകളോടൊപ്പമാണോ നിലകൊള്ളേണ്ടത്, അതോ വേട്ടക്കാരനോടൊപ്പമാണോ നില്‍ക്കേണ്ടതെന്ന് കൂടുതല്‍ ആഴത്തില്‍ ചിന്തിച്ച് ലളിതയെപ്പോലുള്ളവര്‍ തീരുമാനമെടുക്കണമെന്ന് ജോസഫൈന്‍ ആവശ്യപ്പെട്ടു. സിനിമാ നടന്മാരെ പോലെ തന്നെ, കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും അഭിനയ ചാതുരി പ്രകടിപ്പിക്കുകയും അംഗീകാരം കിട്ടുകയും ചെയ്ത സിനിമാ നടിമാരെ, നാട്ടിലുള്ളവര്‍ തെറി പറഞ്ഞുകൊള്ളട്ടെ എന്നത് അങ്ങേയറ്റം അപലപനീയമാണ്. കേരളത്തിലെ സ്ത്രീകള്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. 

വനിതാ കൂട്ടായ്മക്കെതിരെ പ്രസ്താവന നടത്തിയ കെപിഎസി ലളിതക്കെതിരെ വിമര്‍ശനവുമായി എഐവൈഎഫ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ തലപ്പത്തിരുന്ന് ഉത്തരവാദിത്ത രഹിതമായ പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല. കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്നും നീക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com