'ഞങ്ങള്‍ ശബരിമലയിലേക്ക് പോകുന്നു ; എത്തുമോയെന്ന് അറിയില്ല'

ഇവിടെ മതാധിപത്യമല്ല ജനാധിപത്യമാണ് എന്ന് ബോധ്യമാക്കികൊടുക്കേണ്ടത് ഓരോപൗരന്റേയും കടമ കൂടിയാണ് 
'ഞങ്ങള്‍ ശബരിമലയിലേക്ക് പോകുന്നു ; എത്തുമോയെന്ന് അറിയില്ല'


സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമലയില്‍ പോകാനൊരുങ്ങി നിരവധി യുവതികളാണ് രംഗത്തുവരുന്നത്. ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായി നേരത്തെ തന്നെ ശബരിമലയില്‍ എത്തുമെന്ന് പ്രസ്താവിച്ചിരുന്നു. കണ്ണൂരിലെ രേഷ നിഷാന്തും ശബരിമലയില്‍ പോകുമെന്ന് വ്യക്തമാക്കിയിരുന്നു. 

ഇപ്പോഴിതാ തങ്ങള്‍ നാലുപേര്‍ ശബരിമലയ്ക്ക് പോകുകയാണെന്ന് വ്യക്തമാക്കി ലിബി സി എസ് എന്ന യുവതിയും രംഗത്തെത്തി. ശബരിമലയില്‍ പോകാന്‍ അശേഷം ആഗ്രഹം ഉണ്ടായിട്ടല്ല പോകുന്നത്. രണ്ട് കുടുംബങ്ങളുടെ താത്പര്യ സംരക്ഷണാര്‍ത്ഥം ഒരു സുപ്രീംകോടതിവിധിക്കെതിരെ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ കലാപത്തിനാഹ്വാനം ചെയ്ത് തെരുവിലിറക്കി. മുഖ്യമന്ത്രിയെവരെ ജാതിപറഞ്ഞു തെറിവിളിക്കുകയും വിധിയെ അനുകൂലിച്ച നാട്ടിലെ സകല സ്ത്രീകളുടെയും പ്രൊഫൈലുകളില്‍ ഉത്ഭവദോഷം വിളിച്ചോതുന്ന കമന്റുകളിടുകയും ചെയ്യുന്നു. 

ഭരണഘടനയെയും കോടതിയെയും ജനാധിപത്യത്തെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുമ്പോള്‍ ഇവിടെ മതാധിപത്യമല്ല ജനാധിപത്യമാണ് എന്ന് ബോധ്യമാക്കികൊടുക്കേണ്ടത് ഓരോപൗരന്റേയും കടമ കൂടിയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ശബരിമല യാത്രക്ക് തയാറെടുത്തതെന്ന് ലിബി സി എസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ,

ഞങ്ങള്‍ നാലുപേര്‍ ഇന്ന് ശബരിമലയ്ക്ക് പോകുകയാണ്.അതില്‍ ഞാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ നിരീശ്വരവാദികളും രണ്ടുപേര്‍ വിശ്വാസികളുമാണ്.ശബരിമലയില്‍ പോകാന്‍ അശേഷം ആഗ്രഹം ഉണ്ടായിട്ടല്ല പോകുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍പോലും ഇതുവരെ ഉണ്ടാകാത്തതരത്തില്‍ രണ്ട് കുടുംബങ്ങളുടെ താത്പര്യ സംരക്ഷണാര്‍ത്ഥം ഒരു സുപ്രീംകോടതിവിധിക്കെതിരെ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ കലാപത്തിനാഹ്വാനം ചെയ്ത് തെരുവിലിറക്കി ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടെ പരസ്യമായി തെറിവിളിക്കുകയും റോഡില്‍ തെറിവിളിയും തുണിയഴിച്ച് പ്രകടനം നടത്തലും അരങ്ങേറുകയും ,മുഖ്യമന്ത്രിയെവരെ ജാതിപറഞ്ഞു തെറിവിളിക്കുകയും വിധിയെ അനുകൂലിച്ച നാട്ടിലെ സകല സ്ത്രീകളുടെയും പ്രൊഫൈലുകളില്‍ ഉത്ഭവദോഷം വിളിച്ചോതുന്ന കമന്റുകളിടുകയും അവരുടെഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്ത് ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ശബരിമലക്ക് പോകാന്‍ മാലയിട്ട ഒരു വിശ്വാസിയായ സ്ത്രീയുടെ വീട്ടില്‍ രാത്രി ഭാവന ഭേദനത്തിന് ശ്രമിക്കുകയും ഒരുരാഷ്ട്രീയപ്പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് നടത്തുന്ന ജാഥയില്‍ പൊതുവേദിയില്‍ സ്‌റ്റേജുകെട്ടി മൈക്കിലൂടെ സ്ത്രീകളെ വലിച്ചുകീറി മുഖ്യമന്ത്രിക്കും ജഡ്ജിക്കും അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തുകയും.രാഹുല്‍ ഈശ്വരന്‍ കുറെഗുണ്ടകളുമായി ശബരിമലയില്‍ തമ്പടിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ഭരണഘടനയെയും കോടതിയെയും ജനാധിപത്യത്തെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുമ്പോള്‍ ഇവിടെമതാധിപത്യമല്ല ജനാധിപത്യമാണ് എന്ന് ബോധ്യമാക്കികൊടുക്കേണ്ടത് ഓരോപൗരന്റേയും കടംകൂടിയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ഇങ്ങനെ ശബരിമല യാത്രക്ക് തയാറെടുത്തത്.

പുനരുദ്ധനവാദികള്‍ തെരുവിലിറങ്ങി നവോത്ഥാനമൂല്യങ്ങളെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുമ്പോള്‍ നാം പ്രതികരണശേഷിയില്ലാത്തവരായി നാണം കേട്ട് കഴിക്കുന്നതിനേക്കാള്‍ ഭേദം ഫാസിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടാലും അതാണ് കൂടുതല്‍ അന്തസ് എന്ന് കരുതിയാണ് ഞങ്ങള്‍ ഇറങ്ങുന്നത്.അയോദ്ധ്യ ആവര്‍ത്തിക്കാന്‍ ഇത് യുപിയല്ല കേരളമാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്.

ഈ യാത്രയില്‍ ഞങ്ങളില്‍ ആരെങ്കിലുമോ ഞങ്ങള്‍ നാലുപേരുമോ അവസാനിച്ചാലുംഈ കലാപത്തിനും മരണത്തിനുമൊക്കെ ഉത്തരവാദികളായവര്‍ ആരെന്നും അതിന് ആഹ്വാനം ചെയ്തവര്‍ ആരെന്നും വ്യക്തമായ തെളിവുകള്‍ എല്ലാവരുടെയും കൈകളില്‍ ഉണ്ടല്ലോ.?

ഈ യാത്രയില്‍ ശബരിമല വരെ എത്തുമോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല. യാത്ര തടസപ്പെട്ടാല്‍ അവിടെ യാത്ര അവസാനിപ്പിക്കും സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യും.ഞങ്ങളെ തടസപ്പെടുത്തുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുമുണ്ടല്ലോ? അതല്ല ഞങ്ങള്‍ മരണപ്പെടുകയാണെങ്കില്‍ ഈ മുന്നേറ്റം ഏറ്റെടുക്കാന്‍ ആയിരങ്ങളുണ്ടാകും എന്ന ഉത്തമവിശ്വാസത്തോടെ തന്നെയാണ് ഞങ്ങള്‍ പോകുന്നത് .മതാധിപത്യം തുലയട്ടെ! ,ഫാസിസം തുലയട്ടെ! ,ജനാധിപത്യം പുലരട്ടെ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com