നവകേരള നിർമ്മാണം : പദ്ധതികൾക്ക് മന്ത്രിസഭയുടെ അനുമതി വേണം, നിർമ്മാണം വേ​ഗത്തിലാക്കും, രണ്ട് സമിതികൾ രൂപീകരിച്ചതായി മുഖ്യമന്ത്രി

മുഖ്യമന്ത്രി ചെയര്‍മാനായ ഉപദേശക സമിതിയും ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിയുമാണ് രൂപികരിച്ചത്
നവകേരള നിർമ്മാണം : പദ്ധതികൾക്ക് മന്ത്രിസഭയുടെ അനുമതി വേണം, നിർമ്മാണം വേ​ഗത്തിലാക്കും, രണ്ട് സമിതികൾ രൂപീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയദുരന്തം നേരിട്ട കേരളത്തെ പുനര്‍ നിര്‍മ്മിക്കാനുള്ള നവകേരള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ രണ്ട് സമിതികള്‍ രൂപീകരിച്ചു. പുനര്‍ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുക സംസ്ഥാന മന്ത്രിസഭയാണ്. മന്ത്രിസഭയുടെ അനുമതിയോടെ മാത്രമാണ് പദ്ധതികള്‍ നടപ്പിലാക്കാനാകൂ എന്നും മുഖ്യമന്ത്രി അറിയിച്ചു. 

പുനര്‍നിര്‍മ്മാണ  പ്രവർത്തനങ്ങളിൽ വിവാദ ഏജന്‍സി കെപിഎംജി സൗജന്യ സേവനമാണ് നടത്തുന്നത്. പദ്ധതിയില്‍ അവരുടെ പങ്കാളിത്തം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിര്‍മ്മാണം നടത്തുന്നതിനുള്ള സ്ഥാപന തലത്തിലുള്ള സംവിധാനത്തെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ചെയര്‍മാനായ ഉപദേശക സമിതിയും ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിയുമാണ് രൂപികരിച്ചത്. 

ഉപദേശക സമിതിയില്‍ മുഖ്യമന്ത്രിക്ക് പുറമെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അംഗങ്ങളായിരുക്കും. റവന്യൂ, ജലവിഭവ, ഗതാഗത, തുറമുഖ മന്ത്രിമാരും, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടികെഎ നായര്‍, മുന്‍ ചീഫ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍, മുരളി തുമ്മാരുകുടി, എംഎ യൂസഫലി, സിഡിഎസ് മുന്‍ ഡയറക്ടര്‍ സിപി കണ്ണന്‍ തുടങ്ങിയവര്‍ ഉപദേശക സമിതിയില്‍ അംഗങ്ങളായിരിക്കും. 

പദ്ധതികള്‍ സംബന്ധിച്ച് ഉപദേശ നിര്‍ദേശങ്ങല്‍ നല്‍കുകയാണ് ഉപദേശക സമിതിയുടെ ഉത്തരവാദിത്തം. ഈ മാസം 22 ന് സമിതിയുടെ ആദ്യ യോഗം ചേരും. ഇതു കൂടാതെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി അടക്കം രണ്ട് എക്‌സ് ഓഫീഷ്യോ അംഗങ്ങള്‍ അടങ്ങിയ ഉന്നതാധികാര സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. നവ കേരള നിര്‍മ്മാണത്തിന് സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് കയ്യയച്ച് സംഭാവനകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് തേഡ് പാര്‍ട്ടി ഓഡിറ്റിംഗ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നവകേരള നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടുതല്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിദേശ പര്യടനത്തിന് മുഖ്യമന്ത്രിയ്ക്ക് മാത്രമാണ് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ മറ്റ് മന്ത്രിമാര്‍ക്ക് ഇതുവരെ അനുമതി നിഷേധിച്ചിട്ടില്ല. അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ. ചീഫ് സെക്രട്ടറി കേന്ദ്രസര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com