'നിങ്ങളാണോ ആ ശഠന്‍ ?' ; ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി തോമസ് ഐസക്കിന്റെ തുറന്ന കത്ത്

കേസില്‍ കക്ഷിചേരാന്‍ താങ്കളും ബിജെപിയും മുന്നോട്ടു വരാത്തതിന്റെ കാരണം വിശ്വാസികള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ തയ്യാറാണോ?
'നിങ്ങളാണോ ആ ശഠന്‍ ?' ; ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി തോമസ് ഐസക്കിന്റെ തുറന്ന കത്ത്

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്കിടെ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് ധനമന്ത്രി തോമസ് ഐസക്കിന്റെ തുറന്ന കത്ത്. കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇതേവരെ നടന്ന സംവാദങ്ങളോട് വസ്തുനിഷ്ഠമായി പ്രതികരിക്കാന്‍ ഈ ചെറിയ ഇടവേളയിലെങ്കിലും താങ്കള്‍ തയ്യാറാകണമെന്ന് കത്തില്‍ തോമസ് ഐസക്ക് ആവശ്യപ്പെട്ടു. 

കത്തിന്റെ പൂര്‍ണരൂപം 

ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കൊരു തുറന്ന കത്ത്.

പ്രിയപ്പെട്ട അഡ്വ. ശ്രീധരന്‍ പിള്ള,

ശബരിമലയുമായി ബന്ധപ്പെട്ട് താങ്കള്‍ സര്‍ക്കാരിനു നല്‍കിയ അന്ത്യശാസനത്തിന്റെ പരിധി അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടിയേ ബാക്കിയുള്ളൂ. കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇതേവരെ നടന്ന സംവാദങ്ങളോട് വസ്തുനിഷ്ഠമായി പ്രതികരിക്കാന്‍ ഈ ചെറിയ ഇടവേളയിലെങ്കിലും താങ്കള്‍ തയ്യാറാകണം. പോരെങ്കില്‍ കാര്യവിവരമുള്ള ഒരു ക്രിമിനല്‍ അഭിഭാഷകന്‍ എന്ന ബഹുമതിയും സമൂഹം താങ്കള്‍ക്ക് ചാര്‍ത്തിത്തന്നിട്ടുണ്ടല്ലോ.

ഈ പദവികളോട് എന്തെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍, ഈ വിഷയം സംബന്ധിച്ച് പൊതുമണ്ഡലത്തിലുയര്‍ന്ന വാദമുഖങ്ങളോട് താങ്കള്‍ പ്രതികരിക്കണം.

സ്വന്തം അന്ത്യശാസനത്തിന്റെ ആലസ്യം അവസാനിക്കുംമുമ്പ് മറ്റൊരന്ത്യശാസനം ഞാന്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ പുറപ്പെടുവിച്ചതാണത്. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാരിന് 48 മണിക്കൂറിന്റെ അന്ത്യശാസനം. അദ്ദേഹത്തിന്റെ പ്രസംഗമിപ്പോള്‍ വൈറലാണ്. ബിജെപി ഇപ്പോള്‍ പ്രതിപക്ഷത്തല്ലെന്നും അധികാരം കൈയാളുന്ന പാര്‍ടിയ്ക്ക് കാര്യനിര്‍വഹണമാണ് ചുമതലയെന്നും തൊഗാഡിയ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സിനുവേണ്ടി ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് തൊഗാഡിയ ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ താങ്കള്‍ തയ്യാറാണോ?

താങ്കളെ വിശ്വസിച്ച് സമരമുഖത്തിറങ്ങിയ യഥാര്‍ത്ഥ വിശ്വാസികള്‍ക്കു മുന്നില്‍ താങ്കള്‍ വ്യക്തതവരുത്തേണ്ട മറ്റൊരു പ്രശ്‌നമുണ്ട്. 2006ല്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണല്ലോ ഇപ്പോള്‍ തീരുമാനമായത്. എന്തുകൊണ്ടാണ് ബിജെപിയോ താങ്കളോ ഈ കേസില്‍ കക്ഷിചേരാത്തത്? അഭിഭാഷകനെന്ന നിലയില്‍ താങ്കള്‍ക്കുള്ള പ്രാഗത്ഭ്യം സുപ്രിംകോടതിയില്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്ന വിശ്വാസികളുണ്ട്. ഇപ്പോള്‍ തെരുവില്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ താങ്കള്‍ കോടതിയ്ക്കു മുന്നിലായിരുന്നു ഉന്നയിച്ചിരുന്നതെങ്കില്‍ ഇത്തരമൊരു വിധി വരില്ലായിരുന്നു എന്നു ചിന്തിക്കുന്നവര്‍ താങ്കളുടെ പക്ഷത്തുമുണ്ടാവില്ലേ. എന്തുകൊണ്ടാണ്, ഭരണഘടനാ ബെഞ്ചിനു മുന്നില്‍ ഈ വാദങ്ങള്‍ നിരത്താനുള്ള അവസരം താങ്കള്‍ വേണ്ടെന്നു വെച്ചത്? ഈ കേസില്‍ കക്ഷിചേരാന്‍ താങ്കളും ബിജെപിയും മുന്നോട്ടു വരാത്തതിന്റെ കാരണം വിശ്വാസികള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ തയ്യാറാണോ?

അവസാനമായി ഈ പ്രശ്‌നത്തിലെ ആര്‍എസ്എസ് നിലപാടിനെക്കുറിച്ചാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കാന്‍ അനുവാദമുണ്ടാകണം എന്ന ലക്ഷ്യത്തോടെ ഏറ്റവുമധികം ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത് ആര്‍എസ്എസാണ്. ആര്‍എസ്എസ് നേതാവ് ഭയ്യാ ജോഷി അടക്കമുള്ളവര്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കുകയും ചെയ്തു. ആര്‍എസ്എസ് പ്രസിദ്ധീകരണമായ കേസരിയുടെയും ബിജെപി മുഖപത്രമായ ജന്മഭൂമിയുടെയും നിലപാടുകള്‍ പൊതുമധ്യത്തിലുണ്ട്.

ഇക്കാര്യത്തില്‍ കോടതിയുടെ അന്തിമതീര്‍പ്പിന് വിശ്വാസികള്‍ വഴങ്ങണമെന്നും അതു ധിക്കരിക്കരുത് എന്നും ജനം ടിവിയിലാണ് ആര്‍എസ്എസ് നേതാവ് ഭയ്യാജോഷി നിലപാടു വ്യക്തമാക്കിയത്. ബിജെപിയുടെ ചാനലില്‍ ആര്‍എസ്എസ് നേതാവ് ഇക്കാര്യത്തില്‍ പ്രഖ്യാപിച്ച നിലപാടിനോട് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എന്താണ് അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ളയുടെ നിലപാട്?

ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ കഴിയുംവിധം കാലാനുസൃതമായി ആചാരപരിഷ്‌കാരത്തിന് തയ്യാറല്ലാത്തവരെ 'കാലത്തിന്റെ ചുവരെഴുത്തു വായിക്കാത്ത സനാതനി ശഠന്മാര്‍' എന്നാണ് ആര്‍എസ്എസ് നേതാവ് ആര്‍ ഹരി കേസരിയിലെഴുതിയ ലേഖന പരമ്പരയില്‍ വിശേഷിപ്പിച്ചത്. ശഠന്‍ എന്ന വാക്കിന്റെ അര്‍ത്ഥം താങ്കള്‍ക്കറിയുമല്ലോ. ശാഠ്യം പിടിക്കുന്നവന്‍, ദുര്‍വാശിയുള്ളവന്‍, ദുസ്തര്‍ക്കങ്ങളിലേര്‍പ്പെടുന്നവന്‍ എന്നൊക്കെയാണ് ശബ്ദതാരാവലിയിലെ അര്‍ത്ഥങ്ങള്‍.

ഇത്തരം കടുത്ത അധിക്ഷേപപദം ഉപയോഗിച്ച് ആര്‍എസ്എസ് നേതാവ് വിശേഷിപ്പിച്ചത് സിപിഎമ്മുകാരെയോ ഇടതുപക്ഷക്കാരെയോ അല്ല. ആര്‍എസ്എസ് നേതാവ് പ്രയോഗിച്ച 'ശഠന്‍' എന്ന ശകാരത്തിന്റെ പരിധിയില്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ളയും സമരരംഗത്തുള്ള മറ്റുള്ളവരും ഉള്‍പ്പെടുന്നുണ്ടോ? ശബരിമലയുടെ കാര്യത്തില്‍ ആര്‍എസ്എസ് പരസ്യമായി ഉന്നയിച്ച ആചാരപരിഷ്‌കരണം എന്ന നിലപാടിനോട് എന്താണ് താങ്കളുടെ സമീപനം? വിശ്വാസികളോട് അക്കാര്യം വ്യക്തമാക്കേണ്ടതല്ലേ.

സംഘപരിവാറിന് ഇന്ത്യന്‍ ഭരണഘടനയോടുള്ള ചിരപുരാതനമായ വൈരം പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതില്‍ ഈ സമരം വിജയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന ചുട്ടുകളയേണ്ട സമയമായി എന്നാണ് താങ്കളുടെ പാര്‍ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവ് പരസ്യമായി പ്രസംഗിച്ചത്. അഭിഭാഷകന്‍ എന്ന നിലയിലും ബിജെപി നേതാവ് എന്ന നിലയിലും ഈ ആവശ്യത്തോട് താങ്കള്‍ക്കുള്ള പ്രതികരണമറിയാന്‍ പൊതുസമൂഹത്തിന് കൌതുകമുണ്ട്.

താങ്കള്‍ സര്‍ക്കാരിനു നല്‍കിയ 24 മണിക്കൂര്‍ അന്ത്യശാസനം അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ആ പരിധി അവസാനിച്ച് കടുത്ത സമരമാര്‍ഗങ്ങളുടെ തിരക്കിലേയ്ക്കാവും താങ്കള്‍ പ്രവേശിക്കുക. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ ചെറിയ ഇടവേളയില്‍, മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ താങ്കള്‍ വസ്തുനിഷ്ഠമായ ഒരു വിശദീകരണത്തിന് തയ്യാറാകുന്നത് സമരരംഗത്തുള്ളവര്‍ക്കും പ്രയോജനപ്രദമാകും. അത്തരമൊരു പ്രതികരണത്തിന് താങ്കള്‍ക്കു സന്മനസുണ്ടാകുമെന്നു കരുതട്ടെ,

സ്‌നേഹത്തോടെ,

തോമസ് ഐസക്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com