വിശ്വാസികള്‍ക്കും വിശ്വാസത്തിനും ഇടത് സര്‍ക്കാര്‍ പോറലേല്‍പ്പിച്ചിട്ടില്ല, നടപ്പിലാക്കുന്നത് കോടതിവിധിയെന്ന് മുഖ്യമന്ത്രി

ശബരിമല സ്ത്രീ പ്രവേശത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഒരു നടപടിയും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിവിധി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇടതുമുന്നണി തിരുവനന്തപുരത്ത് നടത്തിയ രാ
 വിശ്വാസികള്‍ക്കും വിശ്വാസത്തിനും ഇടത് സര്‍ക്കാര്‍ പോറലേല്‍പ്പിച്ചിട്ടില്ല, നടപ്പിലാക്കുന്നത് കോടതിവിധിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഒരു നടപടിയും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിവിധി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇടതുമുന്നണി തിരുവനന്തപുരത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. 

ശബരിമല വിധി ഒരു ദിവസം പെട്ടെന്നുണ്ടായതല്ല. വിശ്വാസികള്‍ക്കും വിശ്വാസത്തിനും ഇടത് സര്‍ക്കാര്‍ പോറലേല്‍പ്പിച്ചിട്ടില്ല. കേരളത്തിന്റെ മതേതര മനസിനെ ഉലയ്ക്കാനാവുമോ എന്നാണ് വര്‍ഗ്ഗീയ ശക്തികള്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികള്‍ക്കിടയില്‍ ഇടതു സര്‍ക്കാരിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 സംസ്‌കാരഹീനരായ ഒരു സംഘം സമരവുമായി വന്നു. കോണ്‍ഗ്രസ് അവര്‍ക്കൊപ്പം നിന്നു. കോണ്‍ഗ്രസില്‍ നിന്ന് ആരുടെയെങ്കിലും വ്യത്യസ്തമായ സ്വരം  ആരെങ്കിലും കേട്ടോ, കോണ്‍ഗ്രസില്‍ എത്രമാത്രം ആര്‍എസ്എസ് മനസ് രൂഢമൂലമായിരിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. വിശ്വാസികളുമായി ഏറ്റുമുട്ടല്‍ നടത്താന്‍ സര്‍ക്കാരില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് 2006 ല്‍ റിട്ട് പെറ്റീഷനുമായി ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രിംകോടതിയെ സമീപിച്ചത്. ആര്‍എസ്എസ് ബന്ധമുള്ള ആളായിരുന്നു ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കിയുള്ള ഈ കേസില്‍ സത്യവാങ് മൂലം നല്‍കേണ്ട നിയമ ബാധ്യത സര്‍ക്കാരിന് ഉണ്ടായി. ഇതേത്തുടര്‍ന്ന് 2007 സ്ത്രീ പ്രവേശനത്തിന് അനുകൂലമാണെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരും ഈ സത്യവാങ്മൂലത്തില്‍ മാറ്റം വരുത്തിയിരുന്നില്ല. കാലത്തിന് അനുസരിച്ച് ആചാരങ്ങള്‍ മാറും അത് മനസിലാക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

 കോടതി വിധി മറികടക്കുന്നതിനായി നിയമ നിര്‍മ്മാണം നടത്തില്ലെന്നും പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു. പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കുമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നുവെന്നും അത് മാറ്റിപ്പറയാന്‍ യാതൊരു ഉദ്ദേശവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com