ശബരിമല: നിര്‍ണായക യോഗം ഇന്ന്, ചര്‍ച്ചയിലെ തീരുമാനം നടപ്പാക്കുമെന്ന് ദേവസ്വം പ്രസിഡന്റ് 

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത പ്രതിനിധികളുടെ ചര്‍ച്ച ഇന്ന്
ശബരിമല: നിര്‍ണായക യോഗം ഇന്ന്, ചര്‍ച്ചയിലെ തീരുമാനം നടപ്പാക്കുമെന്ന് ദേവസ്വം പ്രസിഡന്റ് 

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത പ്രതിനിധികളുടെ ചര്‍ച്ച ഇന്ന്. തന്ത്രിമാര്‍, പന്തളം കൊട്ടാരം പ്രതിനിധികള്‍, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ നടപ്പാക്കുമെന്നും പ്രത്യേക നിര്‍ദേശം വയ്ക്കുന്നില്ലെന്നും ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍ അറിയിച്ചു. ക്ഷണിച്ച എല്ലാവരും ചര്‍ച്ചയ്‌ക്കെത്തുമെന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ എത്തുമെന്ന യുവതികളുടെ പ്രഖ്യാപനം പ്രശസ്തിക്കു വേണ്ടിയുള്ളതാണെന്നും ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്നവര്‍ വരാന്‍ സാധ്യതയില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് പറയുന്നു.

വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാട്. സ്വതന്ത്ര നിലപാടെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി കിട്ടിയെന്ന് വ്യക്തമാകുന്നതാണ് ബോര്‍ഡിന്റെ നീക്കങ്ങള്‍.

പന്തളം കൊട്ടാരം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ എന്നിവര്‍ പറഞ്ഞു. രേഖാമൂലമുള്ള ക്ഷണം ലഭിച്ചശേഷമാണ് തീരുമാനമെടുത്തത്. ചര്‍ച്ചയ്ക്ക് വിളിച്ചിട്ടു പങ്കെടുത്തില്ലെന്ന ആക്ഷേപം ഒഴിവാക്കാന്‍ കൂടിയാണിത്. തന്ത്രികുടുംബം ഉള്‍പ്പെടെ കൊട്ടാരത്തോടൊപ്പം നില്‍ക്കുന്നവരുമായി ഇക്കാര്യം ആലോചിച്ചിരുന്നു. ഇതില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ വയ്ക്കും.

വിധി നടപ്പാക്കാന്‍ സാവകാശം, പുനഃപരിശോധനാ ഹര്‍ജി, ഓര്‍ഡിനന്‍സ് എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതുതന്നെയാകും ചര്‍ച്ചയിലും ഉയരുക. ഇതില്‍ പ്രായോഗികമായത് നടപ്പാക്കാന്‍ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷ. ചൊവാഴ്ച ചര്‍ച്ചകഴിഞ്ഞ് സമരത്തിന്റെ രീതി മാറ്റുന്ന കാര്യം പരിഗണിച്ചാല്‍ മതിയെന്ന് ബി.ജെ.പി.യും തീരുമാനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com