അഴിഞ്ഞാടാന്‍ അക്രമികളെ അനുവദിക്കില്ല, ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് ഇ പി ജയരാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2018 07:46 PM  |  

Last Updated: 17th October 2018 07:46 PM  |   A+A-   |  


തിരുവനന്തപുരം:  ശബരിമലയില്‍ അക്രമം അഴിച്ചു വിടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് മന്ത്രി ഇ പി ജയരാജന്‍. അക്രമികളെയും അക്രമത്തിന് ഉത്തരവാദികളായവരെയും അറസ്റ്റ് ചെയ്യുമെന്നും അഴിഞ്ഞാട്ടം നടത്താന്‍ പൊലീസ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വലിയ നാശനഷ്ടങ്ങളാണ് അക്രമ സംഭവങ്ങളില്‍ ഉണ്ടായത്. അഞ്ച് തീര്‍ത്ഥാടകര്‍ക്കും 15 പൊലീസുകാര്‍ക്കും 10 മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വന്ന തീര്‍ത്ഥാടകര്‍ക്കെതിരെ പോലും ഭീഷണികളുണ്ടായെന്നും മന്ത്രി പറഞ്ഞു. പത്ത് കെഎസ്ആര്‍ടിസി ബസുകളാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.

 ഞങ്ങള്‍ പറയുന്നത് പോലെ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് അക്രമികള്‍ മാധ്യമപ്രവര്‍ത്തകരോട് പോലും ആക്രോശിച്ചതെന്നും വിശ്വാസികളെ ആര്‍എസ്എസ് തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

വിശ്വാസികളുടെ മുഖംമൂടിയണിഞ്ഞെത്തിയ ആര്‍എസ്എസ് -ബിജെപി ക്രിമിനലുകളാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. എന്ത് സംഭവിച്ചാലും സുപ്രിംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് ആഗ്രഹിച്ച് വരുന്ന ഏതൊരു വിശ്വാസിയെയും അവിടെയെത്തിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.