ആദ്യം പേരു വെളിപ്പെടുത്താഞ്ഞത് അലന്‍സിയറുടെ പ്രതികരണമറിയാന്‍: മി ടൂവിനെ കുറിച്ച് ദിവ്യ ഗോപിനാഥ്

By സമകാലികമലയാളം ഡെസ്‌ക്  |   Published: 17th October 2018 05:53 PM  |  

Last Updated: 17th October 2018 05:53 PM  |   A+A-   |  

 

ലന്‍സിയര്‍ എന്ന നടനെതിരെ ലൈംഗിക ആരോപണവുമായി നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തിയതിന് പിന്നാലെ കുറ്റം സമ്മതിച്ച് അലന്‍സിയര്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ദിവ്യ തുടക്കത്തില്‍ തന്റെ പേര് വെളിപ്പെടുത്താതെ ആയിരുന്നു സത്യങ്ങള്‍ തുറന്നു പറഞ്ഞത്. 'പേര് പറയാന്‍ ആദ്യം മടിച്ചതിന് പ്രധാന കാരണം ഇതറിയുമ്പോഴുള്ള അലന്‍സിയറുടെ പ്രതികരണം എങ്ങനെയാണ് എന്ന് അറിയാനായിരുന്നു' എന്ന് ദിവ്യ വ്യക്തമാക്കി.

'പക്ഷേ അലന്‍സിയര്‍ എന്നെ നേരിട്ട് വിളിച്ചില്ല. എന്നെ അറിയുന്ന ആളുകളെ വിളിച്ചിട്ട് വളരെ സന്തോഷമുണ്ട് പണി തന്നതിന് എന്ന രീതിയില്‍ സംസാരിച്ചു. അത് വായിച്ചപ്പോള്‍ അലന്‍സിയര്‍ക്ക് അങ്ങനെ ചെയ്തതായിട്ട് ഓര്‍മയുണ്ടോ, ആരോടാണ് അങ്ങനെയൊക്കെ കാണിച്ചതെന്ന് ഓര്‍മയുണ്ടോ എന്ന് അറിയണമായിരുന്നു. അതായിരുന്നു ഒരു കാരണം'- ദിവ്യ വ്യക്തമാക്കി.

മാത്രമല്ല, തന്റെ അച്ഛനും അമ്മയും ഇതറിഞ്ഞ് വിഷമിക്കുമല്ലോ എന്നോര്‍ത്തു എന്നും ദിവ്യ പറഞ്ഞു. 'അവരോട് ഇത് പറയാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് പേര് വെളിപ്പെടുത്താതെ ഇത് ഞാന്‍ ആദ്യം എഴുതിയത്. പിന്നീട് അലന്‍സിയര്‍ക്കെതിരെ ഒരു പെണ്‍കുട്ടി രംഗത്ത് വന്നിട്ടുണ്ടെന്നും അവര്‍ എഴുതിയതാണ് ഇത് എന്ന് പറഞ്ഞും അത് അവരെ കാണിച്ചു. 

അച്ഛന്‍ അപ്പോള്‍ ഇയാള്‍ക്കെതിരെ പ്രതികരിക്കണം എന്നാണ് പറഞ്ഞത്. 'അമ്മയും ധൈര്യം തന്നെങ്കിലും ഞാനാണ് ആ പെണ്‍കുട്ടി എന്ന് അറിഞ്ഞപ്പോള്‍ ആകെ പരിഭ്രമിച്ചു. കുടുംബത്തിലുള്ളവര്‍ ഇത് എങ്ങനെ കാണുമെന്നായിരുന്നു അമ്മയുടെ ഭയം. പഠനം കഴിഞ്ഞ് വിവാഹം കഴിപ്പിച്ചയക്കാം എന്ന് പറഞ്ഞതല്ലേ. അത് മതിയായിരുന്നു എന്ന് അമ്മ പറഞ്ഞു. പക്ഷേ പിന്നീട് അമ്മയും പിന്തുണച്ചു. അങ്ങനെ കുടുംബത്തില്‍ ഉള്ള എല്ലാവരുടെയും പൂര്‍ണസഹകരണം ലഭിച്ചതുകൊണ്ടാണ് ഞാന്‍ സ്വയം വെളിപ്പെടുത്തി രംഗത്തെത്തിയത്'- ദിവ്യ പറയുന്നു.