തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു ; പതിനെട്ടാം പടിക്ക് താഴെ ബാനറുമായി പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2018 05:16 PM  |  

Last Updated: 17th October 2018 05:16 PM  |   A+A-   |  

ശബരിമല : തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പമ്പയിലും നിലയ്ക്കലിലും കനത്ത പ്രതിഷേധവും, സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും നടക്കുന്നതിനിടെയാണ് നട തുറന്നത്. പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പുറത്തുവന്നതിന് ശേഷം ആദ്യമായാണ് ശബരിമല നട തുറക്കുന്നത്. 

മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറന്നത്. വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഇന്ന് പ്രധാന ചടങ്ങുകള്‍ ഒന്നും തന്നെയില്ല.  നാളെ രാവിലെ മുതലാണ് പൂജാ ചടങ്ങുകള്‍ നടക്കുക. ഗണപതി ഹോമം അടക്കമുള്ള ചടങ്ങുകള്‍ നടക്കും. 

നാളെ സന്നിധാനത്തും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കും. സംസ്ഥാനത്തിന് അകത്തെയും പുറത്തെയും അടക്കം ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് എത്തിയിട്ടുള്ളത്. നേരത്തെ പതിനെട്ടാംപടിക്ക് മുന്നില്‍ വെച്ച് ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ ബാനര്‍ പിടിച്ച് പ്രതിഷേധിച്ചിരുന്നു.