യുവതിയെ പത്തനംതിട്ടയില്‍ തടഞ്ഞു;  എന്തു വന്നാലും ശബരിമലയില്‍ പോകുമെന്ന് ലിബി, പൊലീസ് വാഹനത്തിൽ പമ്പയിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2018 10:19 AM  |  

Last Updated: 17th October 2018 10:19 AM  |   A+A-   |  

 

പത്തനംതിട്ട : ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ചേര്‍ത്തല സ്വദേശിനിയായ യുവതിയെ തടഞ്ഞു. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ചേര്‍ത്തല സ്വദേശിനി ലിബിയെ പ്രതിഷേധക്കാര്‍ തടഞ്ഞത്. പമ്പയിലേക്കുള്ള ബസില്‍ കയറാന്‍ അവരെ അനുവദിക്കില്ലെന്ന് സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ അറിയിച്ചു. എന്നാല്‍ ക്ഷേത്രദര്‍ശനം നടത്തിയശേഷമേ തിരിച്ചുപോകൂ എന്ന് ലിബി നിര്‍ബന്ധം പിടിച്ചു. ഇതിനിടെ ചിലര്‍ യുവതിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. 

ഇതിനിടെ പൊലീസ് എത്തി യുവതിക്ക് വലയം തീര്‍ത്തു. പ്രതിഷേധം ശക്തമായതോടെ യുവതിയെ പൊലീസ് പത്തനംതിട്ടയില്‍ നിന്നും മാറ്റി. കോടതി വിധി വന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചിരുന്നതായി ലിബി പറഞ്ഞു. വ്രതം എടുത്തിരുന്നു. എന്നാല്‍ 41 ദിവസത്തെ വ്രതം എടുത്തിട്ടില്ല. കോടതി വിധി ഉള്ളതിനാല്‍ പൊലീസ് സംരക്ഷണം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ലിബി പറഞ്ഞു. 

എന്നാല്‍ ജീന്‍സ് ധരിച്ചു വന്ന യുവതി ക്ഷേത്ര ദര്‍ശനം എന്ന ഭക്തിയോടെ വന്നതല്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ശബരിമല ക്ഷേത്രത്തില്‍ പോകുമെന്ന് ചേര്‍ത്തന സ്വദേശിനിയായ ലിബി ഇന്നലെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.