ശബരിമലയില്‍  അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ, പ്രക്ഷോഭകരെ തടയും, തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തും; ജില്ലാ കളക്ടര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2018 05:42 PM  |  

Last Updated: 18th October 2018 05:17 AM  |   A+A-   |  

 

പമ്പ: ശബരിമലയില്‍ ക്രമസമാധാന പാലനത്തിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രിയോടെ നിരോധനാജ്ഞ നിലവില്‍ വരുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ , സന്നിധാനം എന്നിവിടങ്ങളിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. 
തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് കടന്നുവരാമെന്നും സുരക്ഷ ഉറപ്പു വരുത്തുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. 

നിലവില്‍ നാളത്തേക്ക് മാത്രമാണ് 144 പ്രഖ്യാപിച്ചിരിക്കുന്നതെന്നും ആവശ്യമെങ്കില്‍ മാത്രം നിരോധനാജ്ഞ നീട്ടുമെന്നും അയ്യപ്പ ഭക്തരെ ഒരു സ്ഥലത്തും തടയാതെ സമാധാനപൂര്‍ണമായ ദര്‍ശനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമലയില്‍ ഒരിടത്തും പ്രതിഷേധക്കാരെ അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

 പ്രതിഷേധക്കാര്‍ സംഘര്‍ഷം തുടരുന്നതോടെയാണ് ശബരിമലയുടെ 30 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിഷേധക്കാരെ നിരോധിക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്. ഈ പ്രദേശത്തിന്റെ നിയന്ത്രണം ഉടന്‍തന്നെ പൊലീസ് പൂര്‍ണമായും ഏറ്റെടുക്കുമെന്നും ജില്ലാഭരണകൂടം അറിയിച്ചു.

രാവിലെ ശിവക്ഷേത്രത്തിന് സമീപം പ്രശ്‌നം സൃഷ്ടിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയിരുന്നു. തുടര്‍ന്ന് പൊലീസിനെതിരെ കല്ലേറും ഉണ്ടായിരുന്നു. മാധ്യമ സംഘങ്ങള്‍ക്കെതിരെയും വ്യാപകമായ ആക്രമണമാണ് ഉണ്ടായത്. ഇതോടെയാണ് ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 144 പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്നും കളക്ടര്‍ വ്യക്തമാക്കി.