സമരക്കാരെ നേരിടാന്‍ ശബരിമലയിലേക്ക് കമാന്‍ഡോകള്‍ എത്തുന്നു ; കൂടുതല്‍ പൊലീസ് സംഘത്തെയും വിന്യസിക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2018 03:56 PM  |  

Last Updated: 17th October 2018 03:58 PM  |   A+A-   |  


പത്തനംതിട്ട : സ്ത്രീ പ്രവേശനത്തിന് എതിരായ സമരം അക്രമാസക്തമാകുന്ന പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് കമാന്‍ഡോ സംഘത്തെ അയക്കാന്‍ തീരുമാനം. കമാന്‍ഡോ സംഘം ഉടന്‍ സന്നിധാനത്ത് എത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. രണ്ട് എസ്.പിമാരുടേയും നാല് ഡിവൈഎസ്പിമാരുടേയും നേതൃത്വത്തിലാവും കമാന്‍ഡോകള്‍ ശബരിമലയില്‍ എത്തുകയെന്ന് ഡിജിപി അറിയിച്ചു. 

നിലയ്ക്കലിലും പമ്പയിലും, പമ്പ  മുതല്‍ സന്നിധാനം വരെയും കമാന്‍ഡോകളെ വിന്യസിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. നിലവില്‍ ഇവിടെ ക്യാംപ് ചെയ്യുന്ന 700 പൊലീസുകാരെ കൂടാതെ 300 പേരെ കൂടി ഉടന്‍ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൂന്ന് എസ്.പിമാരും നൂറ് വനിതാ പൊലീസുകാരും ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. 

ദക്ഷിണ മേഖലാ എഡിജിപി അനില്‍ കാന്ത്, ശബരിമലയുടെ ചുമതലയുള്ള ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ശബരിമലയിലും നിലയ്ക്കലിലും പൊലീസിനെ വിന്യസിച്ചിട്ടുള്ളത്. അതേസമയം നിലയ്ക്കലില്‍ വ്യാപക അക്രമമാണ് നടക്കുന്നത്. പ്രതിഷേധക്കാര്‍ പൊലീസിന് നേര്‍ക്കും ആക്രമണം അഴിച്ചുവിട്ടു. കമ്പും കല്ലുമെല്ലാം എടുത്ത് പൊലീസിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തി വീശി ഓടിച്ചു. പ്രതിഷേധക്കാരുടെ അക്രമത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.