സ്കൂട്ടറിലെത്തി മാലമോഷണം ; സിആർപിഎഫ് കോൺസ്റ്റബിൾ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2018 10:45 AM  |  

Last Updated: 17th October 2018 10:45 AM  |   A+A-   |  

 

ആലപ്പുഴ : സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ സിആർപിഎഫ് കോൺസ്റ്റബിൾ അറസ്റ്റിലായി. തിരുവല്ല കോയിപ്രം കുന്നത്തുംകര കാഞ്ഞിരംനിൽക്കുന്നതിൽ വിജിത്തിനെയാണ് (28) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 28ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നിത്തല കല്ലുമ്മൂട് കാട്ടിൽ മുക്കിന് സമീപമായിരുന്നു മോഷണം. 

നടന്നുപോയ ചെന്നിത്തല സ്വദേശിനി കോമളത്തിനോട് (58) വഴി ചോദിക്കാനെന്ന വ്യാജേന സമീപം സ്‌കൂട്ടർ നിർത്തിയ വിജിത് അഞ്ചര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഡൽഹിയിൽ ജോലി ചെയ്യുന്ന വിജിത് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. 

 മാല പൊട്ടിക്കലുമായി ബന്ധപ്പെട്ടു വിജിത്തിന്റെ പേരിൽ കോട്ടയം ജില്ലയിലെ പാമ്പാടി സ്‌റ്റേഷനിൽ ഒന്നും കറുകച്ചാൽ സ്‌റ്റേഷനിൽ രണ്ടും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ വിജിതിനെ റിമാൻഡ് ചെയ്തു.