നിലയ്ക്കലില്‍ തെരുവു യുദ്ധം, പൊലീസിനു നേരെ രൂക്ഷമായ കല്ലേറ്; ലാത്തിച്ചാര്‍ജ് (വിഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2018 03:57 PM  |  

Last Updated: 17th October 2018 04:18 PM  |   A+A-   |  

POLICE

 


പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരായ പ്രതിഷേധം നടക്കുന്ന നിലയ്ക്കലില്‍ തെരുവുയുദ്ധം. പ്രതിഷേധക്കാര്‍ പൊലീസിനു നേരെ കല്ലേറു നടത്തി. പൊലീസ് തിരിച്ചും കല്ലെറിഞ്ഞു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ പ്രതിഷേധക്കാര്‍ ചിതറിയോടി. എന്നാല്‍ ചെറിയ കൂട്ടങ്ങളായി പിരിഞ്ഞു പലയിടത്തുനിന്നായി പൊലീസിനു നേരെ കല്ലേറു തുടരുകയാണ്. 

രാവിലെ പത്തു മണിയോടെ നാമജപമായി തുടങ്ങിയ പ്രതിഷേധം പന്ത്രണ്ടുമണിയോടെ അക്രമാസക്തമായിരുന്നു. പൊലീസിന്റെ നിര്‍ദേശം അവഗണിച്ച് വാഹനപരിശോധന നടത്തുകയും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ ഇറക്കിവിടുകയും ചെയ്ത പ്രതിഷേധക്കാര്‍ വലിയ അക്രമം അഴിച്ചുവിടുകയായിരുന്നു. എട്ടു മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. ഒട്ടേറെ വാഹനങ്ങള്‍ തകര്‍ത്തു. അപ്പോഴെല്ലാം കാര്യമായ നടപടികളൊന്നുമെടുക്കാതെ നിന്ന പൊലീസ് മൂന്നരയോടെ തിരിച്ചടിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജും കല്ലേറുമായി പൊലീസ് പ്രക്ഷോഭകരെ വിരട്ടിയോടിച്ചു. ചിതറിയോടിയ പ്രക്ഷോഭകര്‍ പലയിടങ്ങളില്‍നിന്നായി പൊലീസിനു നേരെ ആക്രമണം തുടര്‍ന്നു. വലിയ കരിങ്കല്‍ചീളുകളാണ് പൊലീസിനു നേരെ എറിയുന്നത്. 


രാവിലെ ഇംഗ്ലിഷ് വാര്‍ത്താ ചാനലായ റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ പൂജാ പ്രസന്നയെ പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചു തകര്‍ത്തു. തൊട്ടുപിന്നാലെ ഇംഗ്ലിഷ് വാര്‍ത്താ പോര്‍ട്ടലായ ദി ന്യൂസ് മിനിറ്റിന്റെ റിപ്പോര്‍ട്ട് സരിതാ ബാലനെ കെഎസ്ആര്‍ടിസി ബസില്‍നിന്ന് അസഭ്യവര്‍ഷത്തോടെ ഇറക്കിവിട്ടു. നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു പോവുന്നതിനിടെയാണ് സരിതയ്ക്കു നേരെ ആക്രമണമുണ്ടായത്. 

 

റിപ്പോര്‍ട്ടര്‍ ടിവി, ന്യൂസ് 18 എന്നിവയുടെ വാഹനങ്ങള്‍ക്കും നേരെ നിലയ്ക്കലില്‍ ആക്രമണമുണ്ടായി. രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. ഇവിടേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ സംഘടിച്ച് എത്തിയതോടെ സ്ഥിതിഗതികള്‍ തീര്‍ത്തും നിയന്ത്രണാതീതമായി. പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും അക്രമങ്ങള്‍ തുടരുകയായിരുന്നു. കെഎസ്അര്‍ടിസി ബസിനും കാറുകള്‍ക്കും നേരെ കല്ലേറുണ്ടായി. 

പമ്പയില്‍, ശബരിമലയിലേക്കു സ്ത്രീ പ്രവേശനം നിയന്ത്രിച്ചുകൊണ്ടുസ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ ദേവസ്വം അധികൃതര്‍ ഫഌക്‌സ് സ്ഥാപിച്ചു മറച്ചിരുന്നു. സ്ത്രീ പ്രവേശന വിലക്കു നീക്കിയ സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബോര്‍ഡില്‍ ഫഌക്‌സ് സ്ഥാപിച്ചു മറച്ചത്. ഇത് പ്രതിഷേധക്കാര്‍ അഴിച്ചുമാറ്റി.