നിലയ്ക്കലില്‍ മാധ്യമസംഘത്തിന് നേര്‍ക്ക് കൈയേറ്റം ; കാര്‍ അടിച്ചു തകര്‍ത്തു, വനിതാ മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ചു

സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു
നിലയ്ക്കലില്‍ മാധ്യമസംഘത്തിന് നേര്‍ക്ക് കൈയേറ്റം ; കാര്‍ അടിച്ചു തകര്‍ത്തു, വനിതാ മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ചു

നിലയ്ക്കല്‍ : നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് പോകാനെത്തിയ മാധ്യമസംഘത്തെ പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തു. റിപ്പബ്ലിക് ചാനലിന്റെ മാധ്യമ പ്രവര്‍ത്തകരെയാണ് പ്രതിഷേധക്കാര്‍ ആക്രമിച്ചത്. വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. വനിതാ മാധ്യമപ്രവര്‍ത്തക പൂജ പ്രസന്നയെയും ക്യാമറമാനെയും അടക്കം കൈയേറ്റം ചെയ്തു. 

സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. വാഹനങ്ങള്‍ തടയുന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പമ്പയിലും സമരം ചെയ്യുന്ന പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്. 

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. എല്ലാ ജില്ലാ എസ്പിമാര്‍ക്കും ഡിജിപി അടിയന്തര സന്ദേശം നല്‍കി. എല്ലാ ജില്ലകളിലും പ്രത്യേക പട്രോളിംഗ് നടത്തും. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുകയോ കൈയേറ്റം ചെയ്യുകയോ ചെയ്താല്‍ കേസ് എടുക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കി. ശബരിമല കയറാനെത്തിയ യുവതികളെ പ്രതിഷേധക്കാര്‍ തടയുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം. 

ചേര്‍ത്തല സ്വദേശിയെ തടഞ്ഞ സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ പൊലീസ്  കേസെടുത്തു. ശബരിമലയിലെത്തിയ  ലിബി എന്ന യുവതിയെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ച് നാട്ടുകാര്‍ തടഞ്ഞത്. അതേസമയം,സുരക്ഷയില്ലാത്തതിനാല്‍ സന്നിധാനത്തേക്ക് എത്താനാകാതെ നാല്‍പത്തഞ്ച് വയസ്സുളള ആന്ധ്രാ സ്വദേശി മാധവി മടങ്ങി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com